റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സര്‍ദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്.
ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരന് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ബ്ലഡ് ബാങ്കില്‍ നിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മറ്റ് നാല് കുട്ടികള്‍ക്കുകൂടി എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് സ്ഥിരീകരിച്ചത്. ഈ കുട്ടികള്‍ എല്ലാവരും തലസീമിയ രോഗം ബാധിച്ചവരാണ്.
ആദ്യം എച്ച്‌ഐവി ബാധിച്ച കുട്ടി ബ്ലഡ് ബാങ്കില്‍ നിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ചതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഒരു വട്ടം ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ളവയിലൂടെ എച്ച്‌ഐവി പകരാമെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ മാജീ അറിയിച്ചു.
സര്‍ക്കാരിന്റെ അന്വേഷണ സംഘം സര്‍ദാര്‍ ആശുപത്രി ബ്ലഡ് ബാങ്കും പീഡിയാട്രിക് ഐസിയുവും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ശേഖരിക്കുന്ന രക്തം ക്യത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും രേഖകള്‍ ശരിയായി സൂക്ഷിക്കുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
നിലവില്‍ ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ 515 എച്ച്‌ഐവി പോസിറ്റീവ് കേസുകളുണ്ട്. 56 തലസീമിയ രോഗികളുമുണ്ട്.
എന്താണ് തലസീമിയ രോഗം?
ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുമ്പോള്‍ ഉണ്ടാകുന്ന പാരമ്പര്യ രക്ത വൈകല്യ രോഗമാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് ജീനുകള്‍ വഴിയാണ് ഇത് പകരുന്നത്. ഈ രോഗം ബാധിച്ചവരില്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിന്‍ ആവശ്യത്തിന് ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാകും. അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹീമോഗ്ലോബിന് തകരാറുണ്ടാകുന്നു.
ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഇല്ലാത്തതിനാല്‍, ചുവന്ന രക്താണുക്കള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനോ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാനോ കഴിയാതെ വരുന്നു. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. കഠിനമായ ക്ഷീണം, വിളറിയ ചര്‍മം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈ രോഗികള്‍ക്ക് പതിവായി രക്തം സ്വീകരിക്കേണ്ടതായും വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.