കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ മിനിമം വേതനം പുനപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
2018 ലാണ് അവസാനമായി സംസ്ഥാനത്ത് നേഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചത്. എന്നാല്‍ ഇതിനകത്ത് ആയുര്‍വേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചില്ലെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യുഎന്‍എ) ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
കോണ്‍ട്രാക്ട് നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഇടക്കാലാശ്വാസമായ 50 ശതമാനം ശമ്പള വര്‍ധനയെങ്കിലും ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തില്‍ കൊച്ചിയില്‍ ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.