ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; വിലക്ക് അവഗണിച്ച് വിദ്യാര്‍ഥി സംഘടനകള്‍: കേരളത്തിലടക്കം പ്രദര്‍ശനം

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; വിലക്ക് അവഗണിച്ച് വിദ്യാര്‍ഥി സംഘടനകള്‍: കേരളത്തിലടക്കം പ്രദര്‍ശനം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്ന് ബിബിസിയുടെ ഡോക്യുമെന്ററി സര്‍വകലാശാലകളില്‍ പ്രദര്‍ശനം നടത്തി വിദ്യാര്‍ഥി യൂണിയനുകള്‍. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഭരിക്കുന്ന സര്‍വകലാശാലകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

നിരോധനം മറികടന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെയും തീരുമാനം. കേരളത്തില്‍ ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൗണ്‍ഹാളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തി.

'ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. പൊലീസ് സുരക്ഷയില്‍ ടൗണ്‍ഹാളിലാണ് പ്രദര്‍ശനം നടന്നത്.

മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്തുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും, കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നല്‍കിയില്ല. വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം ക്യാമ്പസില്‍ എവിടെയും അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചതോടെ സെമിനാര്‍ ഹാളിന് പുറത്തുവച്ച് പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനം.

വൈകിട്ട് 6.30 മണിക്ക് കാലടി സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തലസ്ഥാനത്ത് വൈകിട്ട് ആറിന് പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും പ്രദര്‍ശനമുണ്ടാകും.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡോക്യുമെന്ററി. ഇതാണ് ബിജെപി അടക്കം വിഷയത്തില്‍ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.

അതേ സമയം, യുകെ സമയം രാത്രി ഒന്‍പതിന് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019 ലെ തിരഞ്ഞെടുപ്പിലടക്കം മോഡി സ്വീകരിച്ച മുസ്ലീം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.