കീവ്: കിഴക്കൻ ഉക്രെയ്നിൽ കാണാതായ ബ്രിട്ടീഷ് പൗരൻമാരായ ക്രിസ്റ്റഫർ പാരി, ആൻഡ്രൂ ബാഗ്ഷോ എന്നിവർ സോളേദാറിലെ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇരുവരും കൊല്ലപ്പെട്ടതായി അവരുടെ കുടുംബങ്ങളും വെളിപ്പെടുത്തി.
47 കാരനായ ബാഗ്‌ഷോയും 28 കാരനായ പാരിയും ജനുവരി ആറിന് സോളേദാർ നഗരത്തിലേക്ക് രക്ഷാപ്രവർത്തനത്തിനായി പോകുന്നതായുള്ള വിവരങ്ങളാണ് അവസാനമായി ലഭിച്ചത്. ഒരു വൃദ്ധയെ രക്ഷിക്കാൻ ഇരുവരും ശ്രമിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാറുകളിൽ ഷെല്ലുകൾ പതിക്കുകയായിരുന്നുവെന്ന് ബാഗ്‌ഷോയുടെ കുടുംബം പറഞ്ഞു.
"മാനുഷികമായ ഒരു ഒഴിപ്പിക്കൽ ശ്രമത്തിനിടെ" ഇവർ കൊല്ലപ്പെട്ടുവെന്ന് പാരിയുടെ കുടുംബവും പറഞ്ഞു. ഈ മാസം ആദ്യം റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ, ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. സോളേദാർ തീവ്രമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒരു നഗരമാണ്. ഈ മാസമാദ്യം റഷ്യയുടെ സൈന്യം ഉക്രെയ്‌നിലെ ഈ ഉപ്പ് ഖനി നഗരം നീണ്ട യുദ്ധത്തിന് ശേഷം പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു.
അതിനിടെ കിഴക്കൻ ഉക്രെയ്നിലെ സോളിഡാറിൽ നിന്ന് മാനുഷികമായ പലായനത്തിന് ശ്രമിക്കുന്നതിനിടെ തങ്ങളുടെ പ്രിയപ്പെട്ട പാരിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആൻഡ്രൂ ബാഗ്‌ഷോയും കൊല്ലപ്പെട്ടുവെന്ന് യുകെ ഫോറിൻ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിട്ടണിലെ കോൺവാളിൽ സ്ഥിതിചെയ്യുന്ന ട്രൂറോയിൽ നിന്നുള്ള പാരി ഉക്രെയ്നിലുള്ള വൃദ്ധരെയും ചെറുപ്പക്കാരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുന്നതിൽ പ്രകടിപ്പിച്ചിരുന്ന നിസ്വാർത്ഥമായ ദൃഢനിശ്ചയം ഞങ്ങളെയും അദ്ദേഹത്തിന്റെ വലിയ കുടുംബത്തെയും അങ്ങേയറ്റം അഭിമാനിക്കുന്നതിന് ഇടയാക്കുന്നുവെന്ന് പ്രസ്താവനയും അവർ വ്യക്തമാക്കി.
മാത്രമല്ല പാരി കരുതലുള്ള ഒരു മകനും നല്ല ഒരു സഹോദരനും പലർക്കും ഉറ്റ സുഹൃത്തും ഓൾഗയുടെ സ്‌നേഹനിധിയായ പങ്കാളിയുമായിരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാരിക്ക് മുൻപിൽ ഇത്രയേറെ നല്ല ഒരു ജീവിതം ഉണ്ടായിട്ടും അദ്ദേഹത്തോട് ഇത്രവേഗം വിടപറയേണ്ടിവരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. തനിക്ക് അറിയാവുന്ന എല്ലാവരോടും വിശ്വസ്തനായിരുന്ന പാരി ആത്മവിശ്വാസമുള്ള സാഹസികത ഇഷ്ടപ്പെടുന്ന വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു.
ക്രിസ്റ്റഫർ പാരി
പലയിടങ്ങളിലും സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യ്തിരുന്ന അദ്ദേഹത്തിന് കോൺവാൾ തന്നെയായിരുന്നു എപ്പോഴും സ്വഭവനം.റോക്ക് ക്ലൈംബിംഗ്, സൈക്ലിംഗ്, ഓട്ടം, സ്കൈ ഡൈവിംഗ് എന്നിവയെ ഇഷ്ടപ്പെട്ടിരുന്ന പാരി ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിച്ചുവെന്നും പ്രസ്താവനയിൽ വിവരിക്കുന്നു.
റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ അദ്ദേഹം അതിജീവനത്തിനായി പോരാടുന്ന ഉക്രെയ്നിലേക്ക് ആകർഷിക്കപ്പെട്ടു. ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുകയും 400 ലധികം ജീവനുകളും ഉപേക്ഷിക്കപ്പെട്ട നിരവധി മൃഗങ്ങളെയും രക്ഷിക്കുകയും ചെയ്തു. "അവനെ എത്രമാത്രം മിസ് ചെയ്യുമെന്ന് വാക്കുകളിൽ പറയാൻ കഴിയില്ല. പക്ഷേ പാരി എന്നേക്കും നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും" പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പാരിയും ബാഗ്‌ഷോയും കിഴക്കൻ ഉക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലായിരുന്നു സന്നദ്ധപ്രവർത്തനം നടത്തിയിരുന്നത്. ശാസ്ത്ര ഗവേഷകനായ ബാഗ്‌ഷോ ഒരു ബ്രിട്ടീഷ് പൗരനായിരുന്നുവെങ്കിലും ന്യൂസിലൻഡിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ മുതൽ ഉക്രെയ്നിൽ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചു വരികയായിരുന്നു.
ഇരുവരും ദുരിതത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കുകയും പ്രായമായവരെ സഹായിക്കുകയും ചെയ്തിരുന്നതായി ബാഗ്‌ഷോയുടെ മാതാപിതാക്കളായ ഡാം സ്യൂവും പ്രൊഫ ഫിൽ ബാഗ്ഷോയും പറഞ്ഞു.
ആൻഡ്രൂ ബാഗ്ഷോ
"ബാഗ്ഷോ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും വ്യക്തിപരമായി നിരവധി അപകടസാധ്യതകൾ നിറഞ്ഞ സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതിലൂടെ നിരവധി ജീവൻ രക്ഷിക്കുകയും ചെയ്തു. ഞങ്ങൾ അവനെ സ്നേഹിക്കുകയും അവൻ ചെയ്യ്തിരുന്ന പ്രവർത്തങ്ങളിൽ വളരെ അഭിമാനിക്കുകയും ചെയ്യുന്നു."
"ഇപ്പോൾ ഈ യുദ്ധത്തിൽ ലോകം കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ഉക്രെയ്നിനൊപ്പം നിൽക്കുകയും വേണം. മാത്രമല്ല അവർക്ക് ഇപ്പോൾ ആവശ്യമായ സൈനിക പിന്തുണ നൽകുകയും യുദ്ധാനന്തരം തകർന്ന അവരുടെ രാജ്യം പുനർനിർമ്മിക്കാൻ സഹായിക്കുകയും വേണം" ബാഗ്ഷോയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
അതിനിടെ ക്രിസ്റ്റഫർ പാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കൺസർവേറ്റീവ് എംപി ചെറിലിൻ മക്രോറി ട്വീറ്റ് ചെയ്തു.
"എന്റെ ചിന്തകൾ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. അവർക്ക് വിദേശകാര്യ ഓഫീസിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവന് അപകടസാധ്യത" ഉണ്ടെന്ന് പറഞ്ഞ് ഉക്രെയ്നിലേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ വിദേശകാര്യ ഓഫീസ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉക്രെയ്‌നിലുള്ള ബ്രിട്ടീഷ് പൗരന്മാർ സുരക്ഷിതമാണെങ്കിൽ ഉടൻ പോകണം" എന്നും ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.