ഉക്രെയ്നിലേക്ക് ടാങ്കുകൾ അയയ്ക്കാൻ അമേരിക്കയും ജർമ്മനിയും തയ്യാറാണെന്ന് റിപ്പോർട്ട്

ഉക്രെയ്നിലേക്ക് ടാങ്കുകൾ അയയ്ക്കാൻ അമേരിക്കയും ജർമ്മനിയും തയ്യാറാണെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട വിമുഖതയ്ക്ക് ശേഷം അമേരിക്കയും ജർമ്മനിയും ഉക്രെയ്‌നിലേക്ക് അത്യാധുനിക യുദ്ധ ടാങ്കുകൾ അയക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. തീരുമാനം യുദ്ധക്കളത്തിൽ ഒരു വലിയ മാറ്റം വരുത്തുമെന്നാണ് ഉക്രെയ്‌നിന്റെ പ്രതീക്ഷ.

കരുത്തുറ്റ എം വൺ അബ്രാംസ് ടാങ്കുകൾ 30 എണ്ണമെങ്കിലും അയയ്ക്കാനുള്ള പദ്ധതി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും കുറഞ്ഞത് 14 ലെപ്പാർഡ് ടു ടാങ്കുകൾ അയയ്ക്കാൻ തീരുമാനിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

റഷ്യ പിടിച്ചടക്കിയിരിക്കുന്ന തങ്ങളുടെ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഇത്തരം യുദ്ധോപകരണങ്ങളുടെ ഇറക്കുമതി സൈന്യത്തെ സഹായിക്കുമെന്ന് ഉക്രെയ്‌നിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി അമേരിക്കയും ജർമ്മനിയും തങ്ങളുടെ ടാങ്കുകൾ ഉക്രെയ്നിലേക്ക് അയയ്ക്കുന്നതിനുള്ള ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദത്തെ ചെറുത്തു നിൽക്കുകയായിരുന്നു.

തുടർന്ന് ആയുധങ്ങള്‍ നല്‍കുന്നതില്‍ തീരുമാനം വൈകുന്നത് രാജ്യത്തെ കൂടുതല്‍ ജനങ്ങളുടെ മരണത്തിന് കാരണമാകുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വലോദിമര്‍ സെലന്‍സ്കി പ്രതികരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടാങ്കുകളിൽ ഒന്നായ അബ്രാംസ് യൂണിവേഴ്‌സൽ കോംബാറ്റ് യുദ്ധവാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ വിപുലമായ പരിശീലനവും പരിപാലനവും അമേരിക്ക നൽകുമെന്നും റിപോർട്ടുണ്ട്. സൈനിക ഉപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും ഹൈടെക് യുദ്ധ വാഹനമായ അബ്രാം 1994 മുതൽ അമേരിക്കയിൽ സേവനത്തിലുണ്ട്.

അതേസമയം റഷ്യയുമായുള്ള യുദ്ധത്തിൽ നാറ്റോ നേരിട്ട് കക്ഷിയാകുന്നതിൽ ജർമ്മനി ജാഗ്രത പ്രകടിപ്പിച്ചു. ഉക്രെയ്നിലേക്കുള്ള അബ്രാം കയറ്റുമതി സംബന്ധിച്ച ഒരു പ്രഖ്യാപനം ബുധനാഴ്ച ഉടൻ ഉണ്ടാകുമെന്നാണ് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 വാഹനങ്ങളെങ്കിലും അയക്കാനാകുമെന്ന് പേര് വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ എപ്പോൾ ഈ യുദ്ധോപകരണങ്ങൾ അയയ്ക്കും എന്നത് സംബന്ധിച്ച സമയക്രമം വ്യക്തമല്ല. ഒരുപക്ഷെ അമേരിക്കൻ യുദ്ധ വാഹനങ്ങൾ യുദ്ധമുഖത്ത് എത്താൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്ക എം വൺ അബ്രാമുകൾ അയച്ചാൽ മാത്രമേ ലെപ്പാർഡ് ടു ഉക്രെയ്നിലേക്ക് അയയ്ക്കാൻ ജർമ്മനി സമ്മതിക്കുകയുള്ളൂവെന്ന് ജർമ്മൻ ഉദ്യോഗസ്ഥർ തറപ്പിച്ചുപറഞ്ഞിരുന്നു.

ചലഞ്ചർ ടു ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കുമെന്ന് ബ്രിട്ടൻ നേരത്തെ പറഞ്ഞിരുന്നു. ലെപ്പാർഡ് ടു ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കണമെന്ന് പോളണ്ട് ഈ ആഴ്ച അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അവ ജർമ്മനിയിൽ നിർമ്മിച്ചതാണ് അതിനാൽ ജർമ്മനി അവരുടെ കയറ്റുമതി അംഗീകരിക്കേണ്ടതുണ്ട്.

ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യയുടെ കുന്തമുനയായ ടി 90 ടാങ്കുകളോട് കിടപിടിക്കാന്‍ ശേഷിയുള്ളതാണ് ജര്‍മന്‍ നിര്‍മിത ലെപ്പാർഡ് ടു ടാങ്കുകള്‍. പരിപാലനച്ചെലവ് കുറവാണ് എന്നതിനൊപ്പം അതി ശൈത്യത്തിലും സുഗമമായി ഉപയോഗിക്കാന്‍ കഴിയും എന്നതും ലിയോപാര്‍ഡ് ടു ആവശ്യപ്പെടാന്‍ ഉക്രെയ്നെ പ്രേരിപ്പിക്കുന്നു.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 16 യൂറോപ്യൻ നാറ്റോ രാജ്യങ്ങളിലെങ്കിലും ലെപ്പാർഡ് ടു ടാങ്കുകൾ ഉണ്ട്. എല്ലാവരും ഉക്രെയ്നിലേക്ക് ടാങ്കുകൾ അയയ്‌ക്കില്ല. എന്നാൽ ഷോൾസിന്റെ തീരുമാനത്തിന്റെ അർത്ഥം അവർ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് അയയ്ക്കാൻ കഴിയും എന്നാണ്.

യുദ്ധത്തിൽ വിജയിക്കാൻ സഹായിക്കുമെന്ന് പറയുന്ന 300 ആധുനിക പ്രധാന യുദ്ധ ടാങ്കുകൾ ഉക്രെയ്‌നിന് ഇപ്പോഴും ലഭിക്കാൻ സാധ്യതയില്ല. എന്നാൽ അര ഡസൻ പാശ്ചാത്യ രാജ്യങ്ങളിൽ ഓരോന്നും 14 ടാങ്കുകൾ നൽകിയാൽ, അത് ആകെ നൂറോളം ടാങ്കുകൾ വരും. അങ്ങനെ സംഭവിച്ചത്‌ അത് വലിയ ഒരു മാറ്റമുണ്ടാക്കും.

യുകെയുടെ ചലഞ്ചർ ടു, ജർമ്മനിയുടെ ലെപ്പാർഡ് ടു, അമേരിക്കൻ നിർമ്മിത അബ്രാം എന്നിവയുൾപ്പെടെയുള്ള പാശ്ചാത്യ ടാങ്കുകൾ വളരെ മികച്ച യുദ്ധോപകരണങ്ങളാണ്. ഇവ ഉക്രെയ്‌നിയൻ സൈന്യത്തിന് കൂടുതൽ സംരക്ഷണവും വേഗതയും കൃത്യതയും നൽകും.

ഉക്രെയ്‌നിയൻ സൈനികർക്ക് പരിശീലനം നൽകാനും ആയുധങ്ങൾ കൃത്യസമയത്ത് എത്തിക്കാനും കഴിയുമെങ്കിൽ അവർക്ക് പെട്ടെന്നുള്ള ഏത് ആക്രമണത്തെയും തടയാൻ കഴിയും. യുദ്ധം തുടങ്ങിയത് മുതൽ ആധുനിക യുദ്ധവിമാനങ്ങൾ നൽകണമെന്ന് ഉക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ആരും വിതരണം ചെയ്തിട്ടില്ല.

അതേസമയം അമേരിക്കയിലെ റഷ്യയുടെ അംബാസഡർ ഈ വാർത്തയെ "മറ്റൊരു വ്യക്തമായ പ്രകോപനം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ടാങ്കുകൾ വിതരണം ചെയ്യാൻ അമേരിക്ക തീരുമാനിക്കുകയാണെങ്കിൽ 'പ്രതിരോധ ആയുധങ്ങളെ'ക്കുറിച്ചുള്ള വാദങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരമൊരു നടപടിയെ ന്യായീകരിക്കാൻ തീർച്ചയായും കഴിയില്ലെന്നും വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ് ടെലിഗ്രാമിൽ കുറിച്ചു.

എന്നാൽ ജർമ്മൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ബുധനാഴ്ച രാവിലെ ജർമ്മൻ പാർലമെന്റിനെ ചാൻസലർ അഭിസംബോധന ചെയ്യവെ ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എങ്കിലും ജർമ്മൻ പാർലമെന്റിന്റെ പ്രതിരോധ സമിതിയുടെ അധ്യക്ഷയായ ലിബറൽ എഫ്ഡിപി പാർട്ടിയുടെ മേരി-ആഗ്നസ് സ്ട്രാക്ക്-സിമ്മർമാൻ ആയുധങ്ങൾ ഉക്രെയിനിന്‌ നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ സ്വാഗതം ചെയ്തു.

“തീരുമാനം കഠിനമായിരുന്നു, ഇതിന് വളരെയധികം സമയമെടുത്തു. പക്ഷേ അവസാനം ആയുധങ്ങൾ നൽകുന്നത് ഒഴിവാക്കാനാകാത്തതായിരുന്നു. മുറിവേറ്റവരും ധീരരുമായ ഉക്രെയ്‌നിയൻ ജനതക്ക് ഈ തീരുമാനം ആശ്വാസമാകും" അവർ പറഞ്ഞു.

ലെപ്പാർഡ് ടു ടാങ്കുകൾ ഉപയോഗിക്കാൻ ഉക്രേനിയക്കാരെ പരിശീലിപ്പിക്കാൻ ജർമ്മനി മറ്റ് രാജ്യങ്ങൾക്ക് പച്ചക്കൊടി നൽകിയിട്ടുണ്ടെന്നും എന്നാൽ അവരുടെ ടാങ്കുകൾ യുദ്ധമുഖത്തേക്ക് അയക്കാൻ നിർദേശമില്ലെന്നും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് നേരത്തെ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.