പോളണ്ടില്‍ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു; ഒരാള്‍ പിടിയിലായതായി സൂചന

പോളണ്ടില്‍ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു; ഒരാള്‍ പിടിയിലായതായി സൂചന

വാഴ്‌സ: പാലക്കാട് സ്വദേശിയായ ഐടി എന്‍ജിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിം ഷെരീഫാണ് (30) കൊല്ലപ്പെട്ടത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയുടെ വിശദാംശങ്ങളോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഐ.എന്‍.ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായിട്ടുണ്ട്.

ചെന്നൈയിലും ബംഗലൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്. 24-ന് രാവിലെ വീഡിയോ കോളില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അന്ന് വൈകീട്ടു പതിവു പോലെ വിളിച്ചെങ്കിലും കിട്ടിയില്ല. 25ന് രാവിലെയും ഫോണില്‍ കിട്ടാതെ വന്നതോടെ കുടുംബാംഗങ്ങള്‍ എംബസിയെ അറിയിക്കുകയായിരുന്നു.

ഇബ്രാഹിമിനെ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോള്‍, അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ച്ചെന്ന് അന്വേഷിച്ചിരുന്നെന്നും എന്നാല്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ വീട്ടുടമ സമ്മതിച്ചില്ലെന്നും ഇബ്രാഹിമിന്റെ പോളണ്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് മലയാളി അസോസിയേഷന്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

വീട്ടുടമസ്ഥനാണ് കൊലപാതകം നടത്തിയതെന്നാണ് പോളണ്ട് പൊലീസിന്റെ നിഗമനം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം സംബന്ധിച്ച വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടക്കൂ.

കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ഇരു രാജ്യങ്ങളിലെയും എംബസി അധികൃതരുമായും സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.