രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍; ഉദ്ഘാടനം ജനുവരി 29 ന്

രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍; ഉദ്ഘാടനം ജനുവരി 29 ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍ എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവുമായി ബന്ധപ്പെട്ടാണ് ഉദ്യാനത്തിന്റെ പേരുമാറ്റം.

ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത സ്ഥിരീകരിച്ചു. ജനുവരി 29 ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും.

സാധാരണയായി ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഇക്കാലത്ത് ഉദ്യാനത്തില്‍ പുഷ്പകാലമാണ്. കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടി ഉദ്യാനസന്ദര്‍ശനം സാധ്യമാകുന്നതിന് വേണ്ടിയാണ് സന്ദര്‍ശനസമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് നവിക ഗുപ്ത പറഞ്ഞു.

പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. ഉദ്യാന നിര്‍മിതിയ്ക്ക് പേര്‍ഷ്യന്‍ രീതിയുടെ സ്വാധീനമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.