ഇലോൺ മസ്‌ക് വാഷിംഗ്ടണിൽ ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ഇലോൺ മസ്‌ക് വാഷിംഗ്ടണിൽ ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക് വാഷിംഗ്ടണിൽ രണ്ട് ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് വാഹന ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും അമേരിക്കൻ വാഹന ശൃംഖലകളുടെ വൈദ്യുതീകരണം വേഗത്തിലാക്കുന്നതിനും കാർ നിർമ്മാതാവും അമേരിക്കൻ പ്രസിഡന്റുമായ ജോ ബൈഡനുമായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നായിരുന്നു കൂടിക്കാഴ്ചയുടെ ചർച്ച വിഷയം.

ക്ലീൻ എനർജി ഇന്നൊവേഷനായി ബൈഡന്റെ മുതിർന്ന ഉപദേശകനായി സേവനമനുഷ്ഠിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോൺ പോഡെസ്റ്റനുമായും അടിസ്ഥാന സൗകര്യ ചെലവുകൾക്ക് മേൽനോട്ടം വഹിക്കുന്ന മിച്ച് ലാൻഡ്രിയുവിനുമായുമാണ് മസ്‌ക് കൂടിക്കാഴ്ച നടത്തിയതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മസ്‌കും ബൈഡനും തമ്മിൽ രാഷ്ട്രീയവും തൊഴിൽപരവുമായ വിഷയങ്ങളിൽ പലപ്പോഴും ഭിന്നതയിലായിരുന്നു. ഈ അവസരത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.


ജോൺ പോഡെസ്റ്റ

മൂവരും വൈദ്യുതീകരണ ലക്ഷ്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടത്തിയത്. ഒപ്പം രാജ്യത്ത് രണ്ട് രാഷ്‌ട്രീയകക്ഷികളും പിന്‍താങ്ങുന്ന അടിസ്ഥാന സൗകര്യ നിയമവും പണപ്പെരുപ്പം കുറയ്ക്കുന്ന നിയമവും എങ്ങനെ വൈദ്യുത വാഹന ഉൽപ്പാദനത്തിലും ചാർജിംഗിലും വൈദ്യുതീകരണത്തിന്റെ വിശാലമായ അർത്ഥത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചർച്ച നടത്തിയതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്നു. എന്നാൽ ജോൺ പോഡെസ്റ്റനും മിച്ച് ലാൻഡ്രിയുവും കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

അതിന് ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറിയുമായും മസ്‌ക് കൂടിക്കാഴ്ച നടത്തി. എന്നാൽ ബൈഡനുമായി അദ്ദേഹം വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. വൈദ്യുത വാഹനങ്ങളോടുള്ള ബൈഡന്റെ പ്രതിബദ്ധതയും കഴിഞ്ഞ വർഷം പാസാക്കിയ അടിസ്ഥാന സൗകര്യ വർധനവ്, പണപ്പെരുപ്പം കുറയ്ക്കൽ നിയമങ്ങൾക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യവും ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്നുവെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.


മിച്ച് ലാൻഡ്രിയു

റിപ്പബ്ലിക്കൻ പ്രതിനിധികളായ ജെയിംസ് കോമർ, ജിം ജോർദാൻ എന്നിവരുമായും മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയെ കാണുകയും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിനെ ഹ്രസ്വമായി അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

ബൈഡനും മസ്‌കും തമ്മിലുള്ള ഭിന്നതകൾ

യൂണിയൻ തൊഴിലാളികളെ ഉപയോഗിക്കാൻ കമ്പനികളോട് ആഹ്വാനം ചെയ്ത ബൈഡനും തന്റെ ഫാക്ടറികളിൽ നിന്ന് യൂണിയനുകളെ അകറ്റി നിർത്താൻ പ്രേരിപ്പിച്ച മസ്‌ക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ഭിന്നതകൾ നിറഞ്ഞതായിരുന്നു.

കാർ നിർമാണ കമ്പനികളായ ജിഎമ്മും ഫോർഡും ചേർന്ന് വൈദ്യുത വാഹന ഉൽപ്പാദനം നടത്താനുള്ള തീരുമാനം ബൈഡൻ തന്റെ ഒരു ട്വീറ്റിൽ എടുത്ത് പറഞ്ഞിരുന്നു. കാർ നിർമാണത്തിൽ ടെസ്‌ലയെ ഉപേക്ഷിച്ചതിന് ശേഷം കഴിഞ്ഞ വർഷം ബൈഡനെ "മനുഷ്യ രൂപത്തിലുള്ള നനഞ്ഞ പാവ" എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.

പിന്നീട് താൻ അവഗണിക്കപ്പെട്ടതായി മസ്‌ക് ആവർത്തിച്ച് പരാതിപ്പെട്ടതോടെ അധികാരമേറ്റ് ഒരു വർഷത്തിന് ശേഷം അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ടെസ്‌ലയുടെ പങ്ക് ബൈഡൻ പരസ്യമായി അംഗീകരിച്ചു.

ഭിന്നതകളുണ്ടെങ്കിലും ബൈഡൻ ഭരണകൂടത്തിന് കീഴിലും മസ്‌കിന് അമേരിക്കൻ ഗവൺമെന്റുമായി ദീർഘകാലമായി നിലനിൽക്കുന്ന സുപ്രധാന ബന്ധങ്ങളുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നൽകുന്ന നികുതി സബ്‌സിഡിയാണ് ടെസ്‌ലയ്ക്ക് നേട്ടമായത്.

മാത്രമല്ല മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന് ബഹിരാകാശയാത്രികരെയും ചരക്കുകളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും പുറത്തേക്കും എത്തിക്കുന്നതിനും ഒരു ചന്ദ്ര ലാൻഡർ നിർമ്മിക്കുന്നതിനുമായി ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ പാസാക്കിയ 430 ബില്യൺ ഡോളർ അമേരിക്കൻ നാണയപ്പെരുപ്പം കുറയ്ക്കൽ നിയമം (ഐആർഎ) പ്രകാരം ടെസ്‌ലയുടെ കാർ വാങ്ങിയ അമേരിക്കൻ ഉപയോക്താക്കൾക്ക് ഈ മാസം 7,500 ഡോളർ വരെ ഉപയോക്തൃ നികുതി ഇളവുകൾക്ക് അർഹത ലഭിച്ചു. പിന്നീട് അമേരിക്കയിൽ ആദ്യത്തെ 2,00,000 വാഹനങ്ങൾ ടെസ്‌ല വിറ്റതിന് ശേഷം ഈ കാറുകൾ വാങ്ങുന്നവർക്ക് നേരത്തെയുള്ള നികുതി ഇളവുകൾ കാലഹരണപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.