ത്രിപുരയില്‍ നാല് സീറ്റില്‍ 'സൗഹൃദ മത്സരം'; കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ത്രിപുരയില്‍ നാല് സീറ്റില്‍ 'സൗഹൃദ മത്സരം'; കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മുമായി ധാരണയിലെത്തിയ കോണ്‍ഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചിരുന്നത്. നാലിടത്ത് സി.പി.എമ്മുമായി സൗഹൃദ മത്സരം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ധാരണപ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍ കെ പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ജയസാധ്യത മുന്‍നിര്‍ത്തി 17 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മണിക് സാഹയ്ക്കെതിരെ മുന്‍ ബി.ജെ.പി എംഎല്‍എയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എംഎല്‍എ സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തന്നെ മത്സരിക്കും.

സംവരണ മണ്ഡലയമായ ബാധാര്‍ഘട്ട് കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ ധാരണപ്രകാരം ഫോര്‍വേഡ് ബ്ലോക്കിനാണ് അനുവദിച്ചത്. കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചുവരുന്ന മണ്ഡലമാണിത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ ഒരേ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മീന സര്‍ക്കാര്‍ (ബി.ജെ.പി), മൂത്ത സഹോദരന്‍ രാജ് കുമാര്‍ സര്‍ക്കാര്‍ (കോണ്‍ഗ്രസ്), അനന്തരവനായ പാര്‍ഥ പ്രതിം സര്‍ക്കാര്‍ (ഫോര്‍വേഡ് ബ്ലോക്) എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ ദിവസം സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മൊബോഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബോഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.