കൊച്ചി: തുടര്‍ പരാജയങ്ങളില്‍ നിന്ന് വിജയപാതയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അട്ടിമറി സ്വപ്‌നവുമായി കൊച്ചിയിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഏകപക്ഷീയമായ ഇരട്ട ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയത്തിലേക്ക് തിരികെ വന്നത്. ടൂര്‍ണമെന്റിലെ ഒന്‍പതാം ജയവുമായി എടികെ ബഗാനെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 15 മത്സരങ്ങളില്‍ നിന്നായി 28 പോയിന്റാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ 42, 44 മിനിറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിന്റെ വകയായിരുന്നു ഇരട്ട ഗോളുകള്‍. സീസണിലാകെ ഒന്‍പത് ഗോളുകള്‍ നേടിയ താരം ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാമതെത്തി.
ആക്രമണത്തോടെ തുടങ്ങിയ നോര്‍ത്ത് ഈസ്റ്റിനെതിരെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തി. ഇടത് വിംഗിലൂടെയുള്ള ഡയമന്റകോസിന്റെ മിന്നല്‍ ആക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധം പകച്ചെങ്കിലും ഗോള്‍ക്കീപ്പര്‍ അരിന്ദം ഭട്ടാചാര്യ രക്ഷകനായി. 13-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയുടെ മുന്നേറ്റം നോര്‍ത്ത് ഈസ്റ്റിന് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ ബ്രൈസ് മിറാന്‍ഡ ബോക്‌സിനകത്ത് നല്‍കിയ പന്ത് പുറത്തേക്കടിച്ച് ജിയാനുവും അവസരം പാഴാക്കി.
ഗോള്‍ രഹിത സമനിലയില്‍ ആദ്യപകുതി പിരിയുമെന്ന് തോന്നിയെങ്കിലും ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ഇടത് ഭാഗത്ത് നിന്ന് ജെസെലിന്റെ ത്രോബോള്‍ കോര്‍ണറിന് അരികിലായി നിന്ന മിറാന്‍ഡ ബോക്‌സിലേക്ക് നല്‍കി. ബോക്‌സിനരുകിലായി നിലയുറപ്പിച്ചിരുന്ന ഡയമന്റകോസ് ഉയര്‍ന്നുപൊങ്ങി തലവച്ചു. ഇത്തവണ അരിന്ദം ഭട്ടാചാര്യക്ക് തടയിടാനായില്ല. ഗാലറിയിലെ ആനന്ദനൃത്തം അവസാനിക്കും മുമ്പേ ഡയമന്റകോസിന്റെ രണ്ടാം ഗോളെത്തി.
ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ നിന്ന് മധ്യവരക്കപ്പുറമെത്തിയ പന്ത് അഡ്രിയാന്‍ ലൂണ മനോഹരമായി ഉയര്‍ത്തി നല്‍കി. ഡയമന്റകോസ് പന്ത് കാലില്‍ നിയന്ത്രിക്കുമ്പോഴേക്കും നോര്‍ത്ത് ഈസ്റ്റിന്റെ മൂന്ന് പ്രതിരോധ താരങ്ങളും പിറകിലായി. ഒന്നു രണ്ട് നീക്കങ്ങളിലൂടെ മുന്നിലെത്തിയ ഗ്രീക്ക് താരം പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം തുടര്‍ന്നെങ്കിലും നോര്‍ത്തിന്റെ പ്രതിരോധത്തിലൂന്നിയ കളി ലീഡുയര്‍ത്തുന്നതിന് തടസമായി. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെ കൊല്‍ക്കത്തയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v