വത്തിക്കാന്‍ സിറ്റി: 'ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ് - ഞായറാഴ്ച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിയ സന്ദേശത്തിന്റെ കാതല്‍ ഇതായിരുന്നു. ദൈവത്തില്‍ നിന്നുള്ള എല്ലാ നന്മകളും നമുക്കുള്ള ദാനമായി സ്വാഗതം ചെയ്യുകയും സമൂഹത്തിന്റെ വലിച്ചെറിയുന്ന മാനസികാവസ്ഥയ്ക്കെതിരെ പോരാടുകയും ചെയ്യണമെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം.
ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളില്‍, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1-12 വരെയുള്ള വാക്യങ്ങളാണ് ഫ്രാന്‍സിസ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്.
ആത്മാവില്‍ ദരിദ്രരായവര്‍ തങ്ങള്‍ക്ക് സ്വയം ആശ്രയിക്കാനോ സ്വയംപര്യാപ്തത നിലനിര്‍ത്താനോ കഴിയില്ലെന്ന് തിരിച്ചറിയുന്നവരാണ്. ദൈവമുമ്പാകെ അവര്‍ യാചകരായാണ് ജീവിക്കുന്നത്. അവര്‍ ദൈവത്തെ തനിക്ക് ആവശ്യമുണ്ടെന്ന അവബോധം പുലര്‍ത്തുകയും അവിടുന്നു ലഭിക്കുന്ന നന്മയെ ഒരു ദാനമായും കൃപയായും തിരിച്ചറിയുകയും ചെയ്യുന്നു.
ആത്മാവില്‍ ദരിദ്രനായവന്‍ തനിക്കു ലഭിക്കുന്നത് നിധി പോലെ സൂക്ഷിക്കുന്നു. ഒരു ദാനവും പാഴാകരുതെന്ന് അവന്‍ ആഗ്രഹിക്കുന്നു. ആത്മാവില്‍ ദരിദ്രര്‍ ഒന്നും പാഴാക്കാതിരിക്കാന്‍ ശ്രമിക്കുന്നു.
ഒന്നും പാഴാക്കരുതെന്ന യേശുവിന്റെ ഈ ഉപദേശം ഗഹനമായ ചിന്തയാണു നമുക്കു നല്‍കുന്നത്. മനുഷ്യരുടെയും വസ്തുക്കളുടെയും മൂല്യം വിലമതിക്കുന്നതില്‍ പരാജയപ്പെടുന്ന ഉപഭോക്തൃ സമൂഹത്തിനെതിരേയുള്ള പ്രതികരണമാണിത്.
അപ്പവും മത്സ്യവും വര്‍ദ്ധിപ്പിച്ച ശേഷം, ഒന്നും പാഴാകാതിരിക്കാന്‍ ശേഷിക്കുന്ന ഭക്ഷണം ശേഖരിക്കാന്‍ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു (യോഹ. 6:12). ഒന്നും നഷ്ടപ്പെടുത്താതിരിക്കുന്നതിലൂടെ നമ്മുടെ തന്നെയും മറ്റുള്ളവരുടെയും വസ്തുക്കളുടെയും മൂല്യം എന്താണെന്ന് മനസിലാക്കാന്‍ ഈ സുവിശേഷ ഭാഗം നമ്മെ സഹായിക്കുന്നു.
സമ്പന്ന സമൂഹങ്ങളില്‍ പാഴാക്കലിന്റെയും വലിച്ചെറിയലിന്റെയും സംസ്‌കാരം നിലനില്‍ക്കുന്നു. പാഴാക്കലിന്റെയും വലിച്ചെറിയലിന്റെയും മാനോഭാവത്തിനെതിരെ മൂന്ന് വെല്ലുവിളികള്‍ പാപ്പ വിശ്വാസികള്‍ക്കു മുന്നില്‍ വയ്ക്കുന്നു.
നമ്മള്‍ തന്നെയാകുന്ന ദാനം
നമ്മള്‍ തന്നെയായ ദാനത്തെ തിരിച്ചറിയണമെന്നും അതു പാഴാക്കരുതെന്നും പാപ്പ ഓര്‍മിപ്പിച്ചു.
നമ്മള്‍ ഓരോരുത്തരും നല്ല വ്യക്തികളാണ്. ഓരോ സ്ത്രീയും, ഓരോ പുരുഷനും കഴിവുകളില്‍ മാത്രമല്ല, അന്തസിലും സമ്പന്നനാണ്. അവന്‍/അവള്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു. നമുക്ക് എന്തുണ്ട് എന്നതിലല്ല, നാം ആരാണെന്നു തിരിച്ചറിയുന്നതിലാണ് നാം അനുഗ്രഹീതരായിരിക്കുന്നതെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു വ്യക്തി അവനെത്തന്നെ ഉപേക്ഷിച്ച് വലിച്ചെറിയുമ്പോള്‍, അവന്‍/അവള്‍ സ്വയം നഷ്ടപ്പെട്ടവരാകുകയാണ്. നമ്മോടു തന്നെ വെറുപ്പ് തോന്നുന്ന പ്രലോഭനങ്ങള്‍ക്കെതിരെ ദൈവത്തിന്റെ സഹായം അപേക്ഷിക്കാം.
നമുക്കുള്ള സമ്മാനങ്ങള്‍ പാഴാക്കരുത്
രണ്ടാമത്തെ വെല്ലുവിളി നമുക്കുള്ള സമ്മാനങ്ങള്‍ പാഴാക്കരുത് എന്നതാണ്. ആദ്യത്തെ വെല്ലുവിളി നമ്മെത്തന്നെ പാഴാക്കിക്കളയരുത് എന്നതായിരുന്നു. രണ്ടാമത്തേത് നമുക്കു ലഭിച്ചിട്ടുള്ള ദാനങ്ങള്‍ പാഴാക്കരുത്. ലോകത്ത് ഓരോ വര്‍ഷവും ആകെ ഭക്ഷ്യോത്പാദനത്തിന്റെ മൂന്നിലൊന്ന് പാഴായിപ്പോകുന്നതായി പാപ്പ ആശങ്കപ്പെട്ടു. ഇതേസമയം പലരും പട്ടിണി മൂലം മരിക്കുന്നു.
പ്രകൃതിയുടെ വിഭവങ്ങള്‍ ഇങ്ങനെ പാഴാക്കരുത്. ആര്‍ക്കും കുറയാതെ ലഭിക്കത്തക്ക വിധത്തില്‍ വിഭവങ്ങള്‍ പരിപാലിക്കുകയും പങ്കിടുകയും വേണം. നമുക്കുള്ളത് പാഴാക്കുന്നതിനു പകരം നീതിയുടെയും ജീവകാരുണ്യത്തിന്റെയും പരിസ്ഥിതി ശാസ്ത്രം നമുക്ക് പ്രചരിപ്പിക്കാം.
ദുര്‍ബലരെ വലിച്ചെറിയരുത്
മൂന്നാമത്തെ വെല്ലുവിളി വ്യക്തികളെ വലിച്ചെറിയരുത്. നമുക്കു ചുറ്റിനുമുള്ള ആരെയും തള്ളിക്കളയരുത്. വലിച്ചെറിയുന്ന സംസ്‌കാരത്തില്‍ ആളുകളെ ഉപയോഗപ്രദമാകുന്നിടത്തോളം ഉപയോഗിച്ച ശേഷം ആ വ്യക്തി സമൂഹത്തിന് ഭാരമായി മാറുന്നു. ഈ സ്വാര്‍ത്ഥ മനോഭാവം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദുര്‍ബ്ബലരെയാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ദരിദ്രര്‍, അവശത അനുഭവിക്കുന്നവരോട് ഈ മനോഭാവം പുലര്‍ത്താതിരിക്കാം. അവരെ ഒരിക്കലും വലിച്ചെറിയരുത്. അവശത അനുഭവിക്കുന്നവരെ നമ്മില്‍ നിന്നും അകറ്റിക്കളയരുത്.
ഓരോ വ്യക്തിയും പവിത്രമായ ഒരു ദാനമാണ്. ഓരോ വ്യക്തിയും അവരുടെ പ്രായമോ, അവസ്ഥയോ എന്തു തന്നെയായാലും ഒരു അദ്വിതീയ സമ്മാനമാണ്. ഓരോരുത്തരും ഓരോ പ്രായത്തിലും എല്ലാ അവസ്ഥകളിലും അതുല്യമായ ദാനമാണ്. ജീവനെ എല്ലായ്‌പ്പോഴും ആദരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാം - പാപ്പാ ഓര്‍മ്മിപ്പിച്ചു.
ആത്മാവിന്റെ ദാരിദ്ര്യത്തില്‍ നമ്മള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് വിലയിരുത്താന്‍ നമുക്ക് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം. ദൈവത്തിന് ഇടം നല്‍കാന്‍ എനിക്കറിയാമോ?, എന്റെ നന്മയും എന്റെ യഥാര്‍ത്ഥ സമ്പത്തും അവിടുന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ?, അവിടുന്ന് എന്നെ സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ അതോ ഞാന്‍ ഒരു ദാനമാണെന്നത് മറന്ന് സങ്കടത്തോടെ സ്വയം വലിച്ചെറിയുകയാണോ?, പാഴാക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടോ?, വസ്തുക്കളുടെയും വിഭവങ്ങളുടെയും വിനിയോഗത്തില്‍ ഞാന്‍ ഉത്തരവാദിത്വബോധം പുലര്‍ത്തുന്നുണ്ടോ?, അവ മറ്റുള്ളവരുമായി പങ്കിടാന്‍ ഞാന്‍ തയ്യാറാണോ? അവസാനമായി ദൈവം എന്നോട് കരുതാന്‍ ആവശ്യപ്പെടുന്ന വിലയേറിയ ദാനങ്ങളായി ഏറ്റവും ദുര്‍ബ്ബലരെ ഞാന്‍ കരുതുന്നുണ്ടോ? ദരിദ്രരെ, ആവശ്യമുള്ളത് ലഭിക്കാത്തവരെ ഞാന്‍ ഓര്‍ക്കുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നമുക്കു സ്വയം ചോദിക്കാമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.