ആളും ആരവവുമില്ലാതെ പടിയിറക്കം; എം. ശിവശങ്കര്‍ സർവീസിൽ നിന്ന് വിരമിച്ചു

ആളും ആരവവുമില്ലാതെ പടിയിറക്കം; എം. ശിവശങ്കര്‍ സർവീസിൽ നിന്ന് വിരമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്ത എം.ശിവശങ്കര്‍ വിരമിച്ചു. പതിവ് ചിട്ടവട്ടങ്ങളൊന്നും ഇല്ലാതെയായിരുന്നു പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് ശിവശങ്കര്‍ ചുമതലകൾ കൈമാറി.

കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനത്തിൽ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകൾ നടത്തി. അടിയന്തരമായി തീര്‍ക്കേണ്ട ഫയലുകൾ പരിശോധിച്ച് ഒപ്പ് വച്ചു. തുടർന്ന് കായിക മന്ത്രിയുടെ ആഭാവത്തിൽ മന്ത്രി ചിഞ്ചു റാണിയെ നേരിൽ കണ്ട് യാത്ര പറഞ്ഞു.

രണ്ട് ദിവസം മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് ശിവശങ്കറിന് സ്നേഹോപഹാരം നൽകിയിരുന്നു. ഐഎഎസ് അസോസിയേഷൻ യാത്രയയപ്പ് നൽകാൻ താല്പര്യം അറിയിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്.

സ്പ്രിംഗ്ലര്‍ മുതൽ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സർവ്വധിപനായിരുന്ന എം.ശിവശങ്കറിന്റെ പേരുൾപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിൽ 98 ദിവസം ജയിലിൽ കിടന്നു. ഒടുവിൽ ദിവസങ്ങൾക്ക് മുൻപ് ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും കയ്യിലെത്തി.

സെക്രട്ടേറിയറ്റിൽ നിന്ന് പടിയിറങ്ങുന്ന ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്. പടിയിറങ്ങുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.