പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും; 5 ജി സേവനം രാജ്യവ്യാപകമാക്കും; മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു

 പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും; 5 ജി സേവനം രാജ്യവ്യാപകമാക്കും; മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കുമെന്നും കെ.വൈ.സി ലളിത വത്കരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍.

5 ജി സേവനം രാജ്യത്ത് വ്യാപകമാക്കുകയും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കുകയും ചെയ്യും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും, ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറില്‍ സൗകര്യമൊരുക്കും.

ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു. റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

തീരമേഖലയ്ക്ക് 6000 കോടി രൂപ അനുവദിക്കും. മത്സ്യ ബന്ധന മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി നടപ്പാക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38,800 അധ്യാപികരെ നിയമിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു.

മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ എന്നതാണ് ലക്ഷ്യം.

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവര്‍ത്തനം ആരംഭിക്കും.

ധനകാര്യ മേഖലയില്‍ സമഗ്ര നവീകരണവും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ ഇടം നേടി. 2023-24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19,000 കോടി വകയിരുത്തി. ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ചു.

മലിനീകരണം ഉണ്ടാക്കുന്ന പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രപ്പ് ചെയ്യന്‍ തുക വകയിരുത്തി. മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട് വരും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.