പിഎഫ്‌ഐ നേതാക്കള്‍ക്കെതിരായ ജപ്തിയില്‍ വീഴ്ച്ച; 18 പേര്‍ക്കെതിരായ നടപടി നിര്‍ത്തിവയ്പ്പിച്ച് ഹൈക്കോടതി

പിഎഫ്‌ഐ നേതാക്കള്‍ക്കെതിരായ ജപ്തിയില്‍ വീഴ്ച്ച; 18 പേര്‍ക്കെതിരായ നടപടി നിര്‍ത്തിവയ്പ്പിച്ച് ഹൈക്കോടതി

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധമില്ലാത്തവര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. മിന്നല്‍ ഹര്‍ത്താലില്‍ 5.20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഈടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

ആദ്യഘട്ടം നടപടികളില്‍ മെല്ലപ്പോക്ക് നടത്തിയ സര്‍ക്കാര്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയര്‍ന്നത്. ഹര്‍ത്താല്‍ നടക്കുന്നതിന് മുന്‍പ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി.

ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാരും സമ്മതിച്ചു. ജനുവരി 18ന് അടിയന്തര നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനാല്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കി.

റജിസ്‌ട്രേഷന്‍ ഐജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്പര്‍ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്.

പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വെക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പൊലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.