ഇസ്‌ലാമാബാദ്: മതനിന്ദാപരമായ പരാമർശങ്ങൾ നീക്കിയില്ല എന്നാരോപിച്ച് പാക്കിസ്ഥാൻ ഭരണകൂടം വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി. ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് ശനിയാഴ്ച പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) കടന്നത്.
നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു ഈ നടപടി. ഈ സമയത്തിനുള്ളില്‍ ഉള്ളടക്കങ്ങൾ നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കിപീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്.
"ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന ശേഖരത്തിലേക്ക്" പാകിസ്ഥാനികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്നാണ് നിരോധനം അർത്ഥമാക്കുന്നതെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ അറിയിച്ചു.
സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശം ആയ വിക്കിപീഡിയയിൽ ലോകത്തിലെ പല ഭാഗത്ത് നിന്നുള്ള ആളുകളാണ് പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നത്. അതിനാൽ തന്നെ ഓരോ വിവരങ്ങളും ആ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നവരുടെ യുക്തിക്ക് പരിധിയിൽ വരും.
കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പും വിലക്കേർപ്പെടുത്തുമെന്ന ഭീഷണിയും നല്‍കിയത്.
മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള കത്തിടപാടുകളോട് വിക്കിപീഡിയ പ്രതികരിച്ചില്ലെന്ന് പിടിഎ വക്താവ് മലഹത് ഉബൈദ് പറഞ്ഞു. ഹിയറിംഗിന് തയ്യാറാകാനോ ആശയം നീക്കാനോ ഒരുങ്ങാത്തത് മൂലമാണ് വിലക്ക്. വിശദീകരണത്തിന് അവസരം നൽകിയിരുന്നെങ്കിലും വിക്കിപീഡിയ അതിന് തയാറായില്ല.
അവർ ചില മെറ്റീരിയലുകൾ നീക്കം ചെയ്‌തു, പക്ഷേ എല്ലാം നീക്കം ചെയ്‌തില്ല. എല്ലാ ആക്ഷേപകരമായ ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നതുവരെ നിരോധനം തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പരാമർശങ്ങൾ നീക്കിയശേഷം വിക്കിപീഡിയയ്ക്ക് നിരോധനം പിൻവലിക്കാൻ അപേക്ഷിക്കാമെന്നു പിടിഎ വക്താവ് പറഞ്ഞു.
എന്നാൽ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സര്‍വ്വീസ് തുടരാന്‍ അനുവദിക്കണമെന്ന് വിക്കിമീഡിയ പാകിസ്ഥാന്‍ ടെലികോം അതോറിറ്റിയോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനം തുടർന്നാൽ അത് പാകിസ്ഥാന്റെ അറിവിലേക്കും ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഉള്ള പ്രവേശനം എല്ലാവർക്കും നഷ്ടമാകുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പറഞ്ഞു.
സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കും യുട്യൂബും ഇതിനോടകം നിയന്ത്രണങ്ങളോടെയാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ടിൻഡർ, ടിക്ടോക്ക് എന്നിവയ്ക്കും പലപ്പോഴായി പാക്കിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇന്റർനെറ്റിലെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താനുള്ള ഒരു സംഘടിത ശ്രമം നടക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഈ നീക്കത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ഏതു വിയോജിപ്പിനെയും നിശബ്ദമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പലപ്പോഴും മതനിന്ദ ആ ലക്ഷ്യത്തിനായി ആയുധമാക്കപ്പെടുന്നുവെന്നും ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു.
2010 ൽ പാകിസ്ഥാൻ യുട്യൂബ് തടഞ്ഞത് അതിലെ "ക്രൂരമായ ഉള്ളടക്കം" കാരണമെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രങ്ങൾ വരയ്ക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള കാമ്പെയ്‌നുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2010 ൽ ഫേസ്ബുക്കിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിൻഡറും ഗ്രിൻഡറും ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളും "അധാർമ്മിക ഉള്ളടക്കം" പ്രചരിപ്പിച്ചു എന്നാരോപിച്ച് പാക്കിസ്ഥാൻ മുമ്പ് നിരോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.