പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

ദുബായ്: പാകിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. ദീർഘനാളായുള്ള അസുഖത്തെ തുടർന്ന് ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ് ശ്വാസകോശം, കരൾ, ഹൃദയം, നാഡീവ്യൂഹം എന്നിവ ഉൾപ്പെടെയുള്ള അവയവങ്ങളെ ഗുരുതരാവസ്ഥയിലാക്കുന്ന അമിലോയിഡോസിസ് ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.

പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി അധികാരത്തിലെത്തിയ അദ്ദേഹം 2008 ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അദ്ദേഹം പിന്നീട് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം.

കഴിഞ്ഞ വർഷം മുതൽ അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബം ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ സാധിച്ചിരുന്നില്ല. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടുവരുമെന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമല്ല.

ബ്രിട്ടീഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11ന് ഡൽഹിയിൽ ജനിച്ച പർവേസ് മുഷറഫ്, വിഭജനത്തെ തുടർന്നാണ് പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തിയത്. റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964 ൽ പാക്ക് സൈനിക സർവീസിലെത്തി.

രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. ബേനസീർ ബൂട്ടോയുടെ കാലത്ത് ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്‌തികയിലെത്തി. 1998 ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. 1999 ഒക്ടോബറിൽ 13 ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി.

തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാള ഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.

2007 മാർച്ചിൽ ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18 ന് മുഷറഫ് രാജിവച്ചു.

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013 ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നുണ്ടായിരുന്നു. പിന്നീട് 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് എത്തിയ അദ്ദേഹം പിന്നീടു മടങ്ങിയില്ല.

പാകിസ്ഥാനിന്റെ പത്താം പ്രസിഡന്റാണ് പര്‍വേസ് മുഷറഫ്. കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.

2016 മുതല്‍ ദുബായിലാണ് മുഷറഫ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി യുഎഇയില്‍ ചികിത്സയിലായിരുന്നു. ശിഷ്ടകാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാനുള്ള ആഗ്രഹം മുഷറഫ് നേരത്തെ പ്രകടിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്രയും വേഗം പാക്കിസ്ഥാനിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.