ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി ഇറാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ജയിലിൽ തുടർന്നേക്കാം; വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ

ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി ഇറാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ജയിലിൽ തുടർന്നേക്കാം; വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ

ടെഹ്‌റാൻ: ഇറാനിൽ ആയിരക്കണക്കിന് തടവുകാർക്ക് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി മാപ്പ് നൽകുകയോ ശിക്ഷയിൽ ഇളവ് നൽകുകയോ ചെയ്തതായി റിപ്പോർട്ട്. എങ്കിലും അടുത്തിടെ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ ആളുകൾക്ക് ഇത് എങ്ങനെ ബാധകമാകുമെന്ന് വ്യക്തമല്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം മാപ്പ് നൽകൽ പ്രഹസനമാണെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഇറാൻ തടവുകാർക്ക് മാപ്പ് നൽകുന്നത്. നിബന്ധനകളോടെയാണ് തടവുകാരെ മോചിപ്പിക്കുന്നത്. ഇരട്ട പൗരത്വമുള്ളവര്‍ക്ക് മോചനം ലഭിക്കില്ല. അഴിമതി ആരോപണം നേരിടുന്നവര്‍ക്ക് മാപ്പ് ലഭിക്കില്ല. വിദേശ ഏജന്‍സികള്‍ക്കായി ചാരപ്പണി നടത്തുന്നവരെയും 'ഇസ്ലാമിക് റിപ്പബ്ലിക്കി'ന് ദോഷകരമായ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരെയും സ്വതന്ത്രരാക്കില്ല.

മാത്രമല്ല വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം, ബോധപൂർവമുള്ള കൊലപാതവും പരിക്കേൽപ്പിക്കലും,​ അതുപോലെ സർക്കാർ, സൈനിക, പൊതുജനങ്ങളുടെയോ സ്വത്ത് നശിപ്പിക്കൽ, തീയിടൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്ത തടവുകാർക്കും മാപ്പ് നൽകില്ല.

അതേസമയം ആരെയൊക്കെയാണ് വിട്ടയയ്ക്കുക എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 11 ന് "ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തിന്റെ" 44-ാം വാർഷികത്തിന് മുന്നോടിയായാണ് ഖമേനി പ്രഖ്യാപനം നടത്തിയത്. ഈ അവസരത്തിൽ ചില തടവുകാർക്ക് ഖമേനി പൊതുമാപ്പ് നൽകുന്നത് പതിവാണ്.

ഇറാനിലെ സമീപകാല കലാപത്തെത്തുടർന്ന് ജയിലിലടച്ച നിരവധി കുറ്റവാളികൾ ശത്രുക്കളുടെ പ്രചാരണത്തിന്റെ സ്വാധീനത്തിൽ തെറ്റായ പ്രവൃത്തികളിലേക്ക് നയിക്കപ്പെട്ടുവെന്നും അവർ "മാപ്പ് ചോദിച്ചുവെന്നും പ്രതിഷേധക്കാരെ പരാമർശിച്ച് ചീഫ് ജസ്റ്റിസ് ഘോലം ഹുസൈൻ മൊഹ്‌സെനി എജെ പറഞ്ഞു. എന്നാൽ ഇറാനിയൻ മനുഷ്യാവകാശ സംഘടനകൾ ഈ നീക്കം "വെറും പ്രചാരണം" മാത്രമാണെന്ന് വ്യക്തമാക്കി തള്ളിക്കളഞ്ഞു.

പ്രതിഷേധക്കാരോട് ഖമേനി നടത്തിയ കപടമായ മാപ്പ് നൽകൽ ഒരു പ്രചരണമാണ്. പ്രതിഷേധിക്കാൻ പൗരന്മാർ തങ്ങളുടെ സ്വയം അവകാശം ഉപയോഗിച്ചു. അതിനാൽ അവരുടെ അറസ്റ്റുകളും ശിക്ഷകളും ന്യായീകരിക്കപ്പെടുന്നില്ല. നീതിയുടെ പാതയിൽ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം. മാത്രമല്ല, കുറ്റവാളികളുടെയും അടിച്ചമർത്തലിന് ഇരയായവരുടെയും വിചാരണയും സാർവത്രിക അവകാശമാണെന്നും ഇറാൻ മനുഷ്യാവകാശ സംഘടന ട്വിറ്ററിൽ പറഞ്ഞു.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇറാനിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (സി‌എച്ച്‌ആർ‌ഐ) ഖമേനിയുടെ നീക്കത്തെ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനമില്ലാത്ത ഒരു 'പിആർ സ്റ്റണ്ട്' (പൊതുസമൂഹത്തെ ആകർഷിക്കാനുള്ള പ്രഹനം) എന്നാണ് വിശേഷിപ്പിച്ചത്.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും എന്നാൽ അത് പാലിക്കാത്തതിരിക്കുകയും ചെയ്യുന്ന രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് ഇറാനിയൻ ഭരണകൂടത്തിനുള്ളതെന്ന് സി‌എച്ച്‌ആർ‌ഐയുടെ ഡെപ്യൂട്ടി ഡയറക്ടർ ജാസ്മിൻ റാംസെ പറഞ്ഞു. ചിലരെ മോചിപ്പിക്കുമ്പോൾ വർഷങ്ങളോളം അന്യായമായി തടവിലാക്കപ്പെട്ട ചില പ്രമുഖ രാഷ്ട്രീയ തടവുകാർ ജയിലിൽ തുടരുമെന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22 കാരി മരിച്ചതിന് പിന്നാലെ സെപ്തംബറിൽ സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 20,​000 ത്തോളം പേർ പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പൊലീസ് നടപടിയില്‍ 500 ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടു.

ഇതു വരെ നാല് പ്രക്ഷോഭകരെ ഇറാന്‍ ഭരണകൂടം തൂക്കിക്കൊന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ട് പ്രതിഷേധക്കാരെ ഇറാൻ വധിച്ചത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു. തിടുക്കത്തിലുള്ള വ്യാജ വിചാരണയുടെ ഫലമായാണ് വധശിക്ഷ നടപ്പാക്കിയതെന്ന് വിമർശകർ പറഞ്ഞു.

സി‌എൻ‌എന്നിന്റെ കണക്ക് പ്രകാരം കുറഞ്ഞത് 43 പേരെങ്കിലും നിലവിൽ ഇറാനിൽ വധശിക്ഷയെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ആക്ടിവിസ്റ്റ് ഗ്രൂപ്പായ 1500 തസ്‌വീർ വ്യക്തമാക്കുന്നത് വധശിക്ഷയെ അഭിമുഖീകരിക്കുന്നവരുടെ എണ്ണം 100 വരെയാകാം എന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.