പത്ത് വർഷത്തിനുള്ളിൽ 'ബ്രിറ്റ്‌കോയിൻ' ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ട്

പത്ത് വർഷത്തിനുള്ളിൽ  'ബ്രിറ്റ്‌കോയിൻ' ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ടും ട്രഷറിയും ചേർന്ന് തയ്യാറാക്കിയ പദ്ധതികൾ പ്രകാരം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഉപയോക്താക്കൾക്ക് പണത്തിന് പകരമായി പുതിയ ഡിജിറ്റൽ പൗണ്ട് അഥവാ ബ്രിറ്റ്‌കോയിൻ ഉപയോഗിക്കാനാകുമെന്ന് റിപ്പോർട്ട്.

ചൊവ്വാഴ്ച മുതൽ "ബ്രിറ്റ്കോയിൻ" സംബന്ധിച്ച് നാല് മാസത്തെ പൊതു കൂടിയാലോചന ഉണ്ടാകും. അടുത്ത കാലത്തായി ക്രിപ്‌റ്റോകറൻസികളുടെ സ്ഥിരത നഷ്ടപ്പെടുകയും ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചെഞ്ചുകളിലൊന്നായ എഫ് ടി എക്സ് തകരുകയും ചെയ്തിരുന്നു. അതിനാൽ തന്നെ സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി പണം പോലെ സുരക്ഷിതമാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകാൻ ബാങ്കും ട്രഷറിയും ശ്രമിക്കും.

അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ദശാബ്ദത്തിന്റെ മധ്യത്തോടെ ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ പര്യവേക്ഷണം ചെയ്യും.

അതേസമയം ആശയവുമായി മുന്നോട്ട് പോകുന്നതിനെതിരെ സർക്കാരിന് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്ന് ഖജനാവിന്റെ ചാൻസലർ ജെറമി ഹണ്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലിയും പറയുന്നു. എന്നാൽ നിലവിലെ നടപടികൾ ഈ ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. മാത്രമല്ല ഭാവിയിൽ ഒരു ഘട്ടത്തിൽ ഡിജിറ്റൽ പൗണ്ട് ആവശ്യമായി തീരുമെന്നും ബ്രിറ്റ്കോയിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.

നമുക്ക് ചുറ്റുമുള്ള ലോകവും കാര്യങ്ങൾക്കായി നാം പണം നൽകുന്ന രീതിയും കൂടുതൽ സാങ്കേതിക വിദ്യകളെ ആശ്രയിക്കുമ്പോൾ, ഭാവിയിൽ ഡിജിറ്റൽ പൗണ്ടിന്റെ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബെയ്‌ലി പറഞ്ഞു. ഡിജിറ്റൽ പൗണ്ട് പ്രാബല്യത്തിൽ വരുന്നതിലൂടെ പണമടയ്ക്കാനും ബിസിനസുകളെ സഹായിക്കാനും പണത്തിലുള്ള വിശ്വാസം നിലനിർത്താനും സാമ്പത്തിക സ്ഥിരത മികച്ച രീതിയിൽ സംരക്ഷിക്കാനും ഒരു പുതിയ മാർഗം തുറക്കപ്പെടും.

എങ്കിലും ഇതിന്റെ സാങ്കേതിക പ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൊതു കൂടിയാലോചനകളും ബാങ്ക് ചെയ്യാൻ പോകുന്ന തുടർ പ്രവർത്തനങ്ങളും നമ്മൾ പണം ഉപയോഗിക്കുന്ന രീതിയെ സംബന്ധിച്ച് രാജ്യത്തിന് വ്യക്തമായ തീരുമാനമെടുക്കാനുള്ള അടിത്തറയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതി നിലവിൽ വന്നാൽ ഡിജിറ്റൽ പൗണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകും. അത് നേരിട്ടോ ഓൺലൈനിലോ പണമടയ്ക്കാൻ ഉപയോഗിക്കാം. ഇത് പണമായും ബാങ്ക് നിക്ഷേപങ്ങളുമായും പരസ്പരം മാറ്റാവുന്നതാണ്. മാത്രമല്ല നിലവിലെ നോട്ട് സമ്പ്രദായം പോലെ പൗണ്ട് ബ്രിട്ടീഷ്‌ നാണയ വിഭാഗത്തിലും നൽകപ്പെടും. അതേസമയം ഡിജിറ്റൽ രൂപത്തിൽ കൈവശം വച്ചിരിക്കുന്ന പൗണ്ടുകൾക്ക് പലിശ നൽകില്ല.

ഡിജിറ്റൽ പൗണ്ട് സ്വകാര്യതയുടെയും ഡാറ്റ സംരക്ഷണത്തിന്റെയും കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കുമെന്നാണ് ബാങ്കും ട്രഷറിയും പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഉപയോക്താക്കളെ തിരിച്ചറിയാനും പരിശോധിക്കാനുമുള്ള കഴിവ് ആവശ്യമായതിനാൽ നിലവിലെ ഡിജിറ്റൽ പണമിടപാടുകളും ബാങ്ക് അക്കൗണ്ടുകളും പോലെ, ഡിജിറ്റൽ പൗണ്ട് അജ്ഞാതമാകില്ലെന്നും ബെയ്‌ലി പറഞ്ഞു.

"ഇത് പണത്തിലുള്ള ആത്മവിശ്വാസത്തിനും പരസ്പരവിശ്വാസത്തിനും അത്യന്താപേക്ഷിതമാണ്. അതിലൂടെ ഡിജിറ്റൽ പൗണ്ട് വിപുലമായി ഉപയോഗിക്കാൻ കഴിയും" അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അമേരിക്കൻ ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന സെൻട്രൽ ബാങ്കുകളും തങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

ബാങ്കും ട്രഷറിയും വിശ്വസിക്കുന്നത് സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ വരവ് പണ വ്യവസ്ഥയെ ശിഥിലമാക്കികൊണ്ടുള്ള അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നാണ്. പണത്തിന്റെ ഉപയോഗം കുറയുന്നത് തുടരുന്നതിനാൽ വിശ്വസനീയവും കാര്യക്ഷമവുമായ ഒരു ഔദ്യോഗിക മാർഗം ആവശ്യമാണെന്നും അധികൃതർ കരുതുന്നു.

സാങ്കേതിക മുന്നേറ്റങ്ങൾ ക്രിപ്‌റ്റോകറൻസികളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കുന്നത് സാധ്യമാക്കി. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി രാജ്യത്തിന്റെ പിന്തുണയോടുകൂടിയാണ് ഡിജിറ്റൽ പൗണ്ട് പുറത്തിറക്കുന്നതെന്ന് ബാങ്കും ട്രഷറിയും വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.