റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; ഇനി ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; ഇനി ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇനിയും ഉത്തരവിട്ടിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപെടേണ്ടതെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കൊക്കെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. സര്‍ക്കാരും ഈ വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എം.ജി റോഡുകളില്‍ ഇത്രയുമേറെ കുഴികള്‍ ഉണ്ടായത് ആരുടെ കുറ്റം കൊണ്ടാണ്. ജില്ലാ കളക്ടര്‍ എന്തു ചെയ്തു. എന്തെങ്കിലും നടപടി സ്വീകരിച്ചതായി പറയാനാവുമോ എന്നും കോടതി ചോദിച്ചു. ഒരു ജീവന്‍ നഷ്ടമായാല്‍ എന്ത് സംഭവിക്കാനാണെന്ന ഭാവമാണ് സര്‍ക്കാരിനെന്നും കോടതി പറഞ്ഞു.

എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റി്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. പത്ത് ദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചു വരുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

കുഴികളുള്ള റോഡുകള്‍ റിബണ്‍ ഉപയോഗിച്ച് മറയ്ക്കുന്നതാണ് പതിവ്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച യുവാവിന്റെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.