കിം ജോങ് ഉന്‍ വീണ്ടും കാണാമറയത്ത്; ആരോഗ്യ പ്രശ്‌നമെന്ന് സംശയം

കിം ജോങ് ഉന്‍ വീണ്ടും കാണാമറയത്ത്; ആരോഗ്യ പ്രശ്‌നമെന്ന് സംശയം

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ (കെപിഎ) 75-ാം സ്ഥാപക വാര്‍ഷികം ബുധനാഴ്ച ആഘോഷിക്കാനിരിക്കെ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല. ഒരു മാസമായി കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള സംശയം വീണ്ടുമുയര്‍ന്നതായി അമേരിക്കന്‍ വാര്‍ത്താചാനലായ 'ഫോക്‌സ് ന്യൂസ്' തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചത്തെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കിം പങ്കെടുത്തില്ലെന്നും തുടര്‍ച്ചയായ മൂന്നാം തവണയാണ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ദക്ഷിണകൊറിയയിലെ എന്‍.കെ. ന്യൂസിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറഞ്ഞു. സാധാരണയായി, ഉത്തരകൊറിയയുടെ ആണവായുധങ്ങളെക്കുറിച്ചും മിസൈല്‍ പദ്ധതികളെക്കുറിച്ചും സംസാരിക്കാന്‍ കിം ജോങ് ഉന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കാറുണ്ട്.

39 വയസുകാരനായ കിം ജോങ് ഉന്നിന് ഗുരുതരമായ എന്തെങ്കിലും അസുഖം ബാധിച്ചിരിക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇതാദ്യമായല്ല അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നത്. 2014-ല്‍ 40 ദിവസം കിം പൊതു വേദികളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു.

കിം ജോങ് ഉന്‍ കഴിഞ്ഞ വര്‍ഷം പൊതു വേദിയില്‍ മകളുടെ കൈകള്‍ പിടിച്ച് നില്‍ക്കുന്നതാണ് അവസാനമായി പുറത്തുവന്ന ചിത്രം. മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ചടങ്ങിലാണ് മകളുമായി കിം എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.