തിരുവനന്തപുരം: എല്ലാ ആരോഗ്യ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുന്ന ഇ ഹെല്‍ത്ത് സംവിധാനം സംസ്ഥാനത്തെ 509 ആശുപത്രികളിൽ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ 283 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌ൻമെന്റും എടുക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാത്തിന്റെ നേട്ടം. ചീട്ട് എടുക്കുന്നതിനായി ആശുപത്രിയിൽ വന്ന് ക്യൂ നിന്ന് വലയേണ്ടതില്ല. മാത്രമല്ല ആശുപത്രിയിലെത്തി മടങ്ങുന്നത് വരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി ചെയ്യാൻ സാധിക്കും.
ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 32.40 ലക്ഷം പെര്‍മെനന്റ് യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി താത്ക്കാലിക രജിസ്‌ട്രേഷനും നടന്നു. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്ഡ് അപ്പോയ്‌ൻമെന്റ് എടുത്തിട്ടുണ്ട്.
https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആധാര്‍ നമ്പര്‍ നല്‍കുകയാണ് ആദ്യഘട്ടം. ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ വരുന്ന ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാം.
തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്ൻമെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌ൻമെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും.
രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്എംഎസ് ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.