എസ്എസ്എല്‍വി വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

എസ്എസ്എല്‍വി വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍വി ടു വിക്ഷേപണം വിജയകരം. രണ്ടാം പരീക്ഷണ വിക്ഷേപണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എല്‍വി ലക്ഷ്യമിട്ടത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്.എസ്.എല്‍വി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.

ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ആദ്യവിക്ഷേപണം സെര്‍വറിലെ തകരാര്‍ മൂലം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്തുന്നത്.

വിക്ഷേപണം നടത്തി 15 മിനിറ്റിനകം ഉപഗ്രഹങ്ങള്‍ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.