ദുരിത ബാധിതർക്ക്‌ ഭക്ഷ്യ വസ്തുകള്‍ ശേഖരിച്ചിരുന്നവർക്ക് നേരെ ഐഎസിന്റെ ക്രൂരത; ഭൂകമ്പത്തിന് പിന്നാലെ സിറിയയിൽ ഭീകരാക്രമണവും

ദുരിത ബാധിതർക്ക്‌ ഭക്ഷ്യ വസ്തുകള്‍ ശേഖരിച്ചിരുന്നവർക്ക് നേരെ ഐഎസിന്റെ ക്രൂരത; ഭൂകമ്പത്തിന് പിന്നാലെ സിറിയയിൽ ഭീകരാക്രമണവും

ഡമാസ്കസ്: ഭൂകമ്പം തകര്‍ത്ത സിറിയയിൽ ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഭീകരാക്രമണം. മധ്യ സിറിയയിലെ പാല്‍മേയ്‌റയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

ദുരിത ബാധിതർക്കായി ഭക്ഷ്യ വസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75 ഓളം പേര്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു.

സിറിയയില്‍ ഭൂകമ്പം മറയാക്കി നിരവധി ഐഎസ് ഭീകരര്‍ ജയില്‍ ചാടിയിരുന്നു. കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരാകാം ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

ഇതിന് മുന്‍പ് 2021ലാണ് സിറിയയില്‍ ഐഎസ് ആക്രമണം നടന്നത്. ഹമയില്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 19പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയില്‍ 29,605 പേരും സിറിയയില്‍ 4,500 പേരുമാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.