വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂണുകള്‍ സൃഷ്ടിച്ച ആശങ്കയ്ക്കു പിന്നാലെ ചുരുളഴിയാത്ത രഹസ്യം പോലെ അമേരിക്കയുടെ ആകാശത്ത് തുടര്‍ച്ചയായി അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം. ഞായാറാഴ്ച അലാസ്‌കയിലും കാനഡയിലും അജ്ഞാത വസ്തു ആകാശത്ത് കണ്ടതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി അമേരിക്ക അടച്ചു. തുടര്‍ന്നാണ് വസ്തുവിനെ വെടിവെച്ചിടുന്ന നടപടികളിലേക്കു രാജ്യം കടന്നത്.
ഒരാഴ്ചയ്ക്കിടെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ദുരൂഹതയുണര്‍ത്തി തുടര്‍ച്ചയായി ആകാശവസ്തുക്കള്‍ കണ്ടെത്തുന്നത് ഭരണകൂടത്തിന് വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷയെ പോലും മുള്‍മുനയില്‍ നിര്‍ത്തിയാണ് ഈ അജ്ഞാത വസ്തുക്കള്‍ ആകാശത്തു നീങ്ങുന്നത്.
ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് ഈ ആശങ്കയ്ക്കു തുടക്കമിട്ടത്. ചാര ബലൂണ്‍ ആണെന്ന് ആരോപിച്ച് സൗത്ത് കരോലിന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹുറോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് ഹുറോണ്‍ നദിക്കു മുകളിലൂടെ നീങ്ങിയ അജ്ഞാത വസ്തു ആദ്യമായി അമേരിക്കന്‍ റഡാറുകള്‍ കണ്ടെത്തുന്നത്. ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറിലാണ് കണ്ടെത്തിയത്. പിന്നീട് അപ്രതൃക്ഷമായ വസ്തു ഞായറാഴ്ച മിഷിഗണിലെയും വിസ്‌കോണ്‍സിനിലെയും റഡാറുകളില്‍ പതിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഷ്ടഭുജത്തിന്റെ ആകൃതിയിലുള്ള ഈ വസ്തു 20000 അടി ഉയരത്തില്‍ പറന്നിരുന്നു എന്നും ആളില്ലാ വാഹനം ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അമേരിക്കന്‍ വ്യോമസേനയും നാഷണല്‍ ഗാര്‍ഡും ചേര്‍ന്നാണ് ഈ മിഷന് നേതൃത്വം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള റഡാറുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശം കൊടുത്തിട്ടുണ്ട്. അതേസമയം, ഈ അജ്ഞാത വസ്തുക്കളുടെ ലക്ഷ്യം എന്താണെന്നോ ഇതില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്നോ വ്യക്തമല്ല.
വെടിവെച്ചിട്ട അജ്ഞാത വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു പരിശോധിക്കാന്‍ അധികാരികള്‍ തയ്യാറെടുക്കുന്നതിനിടെ ഇതിനനെപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും സജീവമായിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയും കാനഡയും സംയുക്തമായാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ 11ന് യുഎസിന്റെ വ്യോമമേഖലയില്‍ ചൈനീസ് ബലൂണ്‍ കണ്ടെത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വീണ്ടും ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയത്.
ജനുവരി മാസത്തില്‍ വടക്കേ അമേരിക്കയില്‍ കണ്ടെത്തിയ ബലൂണിന്റെ ഉത്തരവാദിത്തം ചൈന ഏറ്റെടുത്തിരുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള പേടകമാണെന്നാണ് ചൈനീസ് അധികൃതര്‍ വിശേഷിപ്പിച്ചതെങ്കിലും ഒട്ടേറെ ഇലക്ട്രോണിക് ഭാഗങ്ങളുള്ള ബലൂണ്‍ ചാരപേടകമാണെന്നാണ് യു.എസ് അവകാശപ്പെടുന്നത്. വാര്‍ത്താവിനിമയ സിഗ്‌നലുകള്‍ പിടിച്ചെടുക്കാനുള്ള ശേഷി ഈ ബലൂണിലെ ഇലക്ട്രോണിക് ഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ലഭിക്കാനായി സോളാര്‍ പാനലുകളും ഇവയ്ക്ക് ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.