മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ പോരാട്ടത്തിനുള്ള താര ലേലത്തില്‍ കേരളത്തിനും അഭിമാന നേട്ടം. കേരളത്തിന്റെ മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. വനിതാ ഐപിഎല്‍ ടീമിലേക്കെത്തുന്ന ആദ്യ മലയാളി താരമാണ് മിന്നു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ വനിതാ ടീമിലെത്തിയ ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദ്യ താരവുമാണ് മിന്നു.
30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കിയയത്. ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളള ഇതിഹാസ താരങ്ങളായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ്, ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. ഇത്രത്തോളം ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മിന്നു പറയുന്നത്.
വയനാട് ജില്ലയിലെ മാനന്തവാടി, ചോയ്മൂലയില്‍ നിന്നുള്ള 23 കാരി കൂലിപ്പണിക്കാരനായ കൈപ്പാട് മാവുംകണ്ടി മണിയുടേയും വസന്തയുടേയും മകളാണ്. പരിശീലനത്തിനും മറ്റും വലിയ തുക ആവശ്യമാണ്. കുടുംബം മുന്നോട്ടുപോകുന്നതും പരിശീലനം നടക്കുന്നതുമെല്ലാം ക്രിക്കറ്റ് കളിച്ച് നേടുന്ന വരുമാനം കൊണ്ടാണെന്ന് മിന്നു പറയുന്നു.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടില്‍ പഠിക്കുമ്പോള്‍ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായിക താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങള്‍ തേടി എത്തിയത്. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
ഓഫ് സ്പിന്നര്‍ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു മിന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.