ചാരബലൂണിന്മേൽ വാദപ്രതിവാദം തുടരുന്നു; ആകാശത്തെ അജ്ഞാതവസ്തുക്കളുടെമേൽ ദുരൂഹതയും

ചാരബലൂണിന്മേൽ വാദപ്രതിവാദം തുടരുന്നു; ആകാശത്തെ അജ്ഞാതവസ്തുക്കളുടെമേൽ ദുരൂഹതയും

വാഷിംഗ്ടൺ: 2022 ന്റെ തുടക്കം മുതൽ പത്തിലധികം തവണ അനുമതിയില്ലാതെ അമേരിക്കൻ ബലൂണുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനക്ക് മുകളിലൂടെ പറന്നെന്ന ബെയ്ജിംഗ് ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്. ചൈനക്ക് മുകളിലൂടെ അമേരിക്ക നിരീക്ഷണ ബലൂണുകള്‍ പറത്തിയെന്നത് തെറ്റായ ആരോപണമാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നല്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. അമേരിക്കയുടെ വ്യോമ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം നല്‍കാന്‍ സാധിക്കാത്ത ചൈന തങ്ങള്‍ക്കുണ്ടായ കോട്ടം പരിഹരിക്കാന്‍ ശ്രമിക്കുകയാണന്ന് അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.

2022 ജനുവരിക്ക് ശേഷം അമേരിക്ക ഹൈ ആള്‍റ്റിറ്റിയൂഡ് ബലൂണുകള്‍ അനുമതിയില്ലാതെ തങ്ങളുടെ അന്തരീക്ഷത്തിലൂടെ 10 തവണയിലേറെ പറന്നിട്ടുണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞിരുന്നത്. ഇതിനോട് വളരെ പ്രൊഫഷണലായും ഉത്തരവാദിത്തത്തോടെയുമാണ് ചൈന പ്രതികരിച്ചതെന്നും വെന്‍ബിന്‍ പറഞ്ഞു.

ആകാശത്തെ അജ്ഞാതവസ്തുക്കളുടെ ദുരൂഹത

കഴിഞ്ഞ ദിവസം അമേരിക്ക വെടിവെച്ചിട്ട മൂന്ന് അജ്ഞാത വസ്തുക്കൾ ചാരപ്രവർത്തങ്ങൾക്കായി ഉപയോഗിച്ചതാണ് എന്നത് സംബന്ധിച്ച് സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അജ്ഞാത വസ്തുക്കൾ ചൈനയുടേതാണ് എന്നതിനോ ചാരവൃത്തിക്കായി എത്തിയവയാണ് എന്നതിനോ തെളിവുകൾ ലഭ്യമല്ലെങ്കിലും സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വിശദീകരിച്ചു.

പ്രാദേശിക സമയം ഞായറാഴ്ച ഹുറോൺ തടാകത്തിന് മുകളിലൂടെ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് വെടിവെച്ചിട്ട മൂന്ന് വസ്തുക്കളും വിമാന ഗതാഗതത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് കിർബി പറഞ്ഞു.


അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുക്കളിൽ ഒന്ന്

അലാസ്‌ക തീരത്ത് വെടിവെച്ചിട്ട വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുള്ള മോശം കാലാവസ്ഥ ഇവിടെ തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്. കാനഡയിലും മിഷിഗണിലും വെടിവെച്ചിച്ച വസ്തുക്കൾ കണ്ടെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.

ഈ അജ്ഞാത വസ്തുക്കൾ ഭൂമിയിലുള്ള ആർക്കും സൈനിക ഭീഷണി ഉയർത്തുന്നില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. അതേസമയം അജ്ഞാത വസ്തുക്കളെ വെടിവച്ചു വീഴ്ത്തിയതിന് ശേഷം സംഭവത്തിൽ അന്യഗ്രഹ ജീവികളുടെയോ അന്യഗ്രഹ പ്രവർത്തനങ്ങളുടെയോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

വെടിവെച്ചിട്ട വസ്തുക്കളൊന്നും അന്യഗ്രഹ ഉത്ഭവമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും സൈന്യം കണ്ടെടുത്തിട്ടില്ലെന്ന് മറ്റൊരു അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥനും വ്യക്തമാക്കി. വിഷയത്തിൽ അന്യഗ്രഹജീവി സംബന്ധമായ വിശദീകരണങ്ങൾ തള്ളിക്കളയുന്നില്ലെന്ന് ഞായറാഴ്ച, ഒരു അമേരിക്കൻ എയർഫോഴ്സ് ജനറൽ പറഞ്ഞിരുന്നു.

ചാരബലൂണിന്റെ സിംഹഭാഗവും കണ്ടെടുത്തു

ഫെബ്രുവരി നാലിന് സൗത്ത് കരോലിന തീരത്ത് അമേരിക്കൻ സൈന്യം വെടിവെച്ചു വീഴ്ത്തിയ ചൈനീസ് ചാര ബലൂണിൽ നിന്ന് നിർണായക ഇലക്ട്രോണിക്സ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. രഹസ്യാന്വേഷണ ശേഖരണത്തിന് ഉപയോഗിച്ച പ്രധാന സെൻസറുകൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്.


മാത്രമല്ല ചാര ബലൂണിലുണ്ടായിരുന്ന ഉപകരണങ്ങളുടെ സിംഹഭാഗവും കടലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് അമേരിക്കൻ മിലിട്ടറിയുടെ നോർത്തേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. കടലിന്റെ അടിത്തട്ടിലേക്ക താണുപോയ ഉപകരണങ്ങളും മറ്റും ഒരു ക്രെയിന്‍ ഷിപ്പുപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു. 30 അടി നീളമാണ് പേലോഡിനുള്ളത്. ബലൂണിലെ മിക്കവാറും സാങ്കേതിക ഉപകരണങ്ങളും ആന്റിനകളും ഇതിലാണുള്ളത്.

അമേരിക്കയും ചൈനയും സുരക്ഷാ സമ്മേളനത്തിൽ കൂടിക്കാഴ്ച നടത്തിയേക്കും

മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ ചൈനീസ് നയതന്ത്രജ്ഞൻ വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. കൂടിക്കാഴ്ച നടന്നാൽ അമേരിക്ക ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ടതിന് ശേഷമുള്ള ആദ്യ മുഖാമുഖ ചർച്ചയായിരിക്കും സംഭവിക്കുക.

ചൈനീസ് നിരീക്ഷണ ബലൂൺ തങ്ങളുടെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അസ്വീകാര്യമായ ലംഘനമാണെന്ന് വ്യക്തമാക്കിയ അമേരിക്ക ഈ മാസം ആദ്യം നടക്കേണ്ടിയിരുന്ന ബ്ലിങ്കെന്റെ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു.

ഫെബ്രുവരി 17 മുതൽ 19 വരെ മ്യൂണിക്കിൽ നടക്കുന്ന സുരക്ഷാ കോൺഫറൻസാണ് വീണ്ടും കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കുന്നത്. സമ്മേളനത്തിൽ ബ്ലിങ്കനും വാങ്ങും പങ്കെടുക്കുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.