കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജനയും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരത്തോടെ പ്രവര്‍ത്തിച്ച ആളാണ് കോഴക്കേസില്‍ അറസ്റ്റിലായത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. ഒന്നാം പിണറായി സര്‍ക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ പുറത്തു വരികയാണെണെന്നും സതീശന്‍ പറഞ്ഞു.
എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നു ? പിണറായി വിജയന്‍ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ പോയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന്‍ കോഴ കേസില്‍ എം. ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ പ്രതിയായത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.
സരിതിനും സന്ദീപിനുമായി 59 ലക്ഷം നല്‍കി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി കേസില്‍ ഇഡി പ്രതി ചേര്‍ത്തു. ഇയാള്‍ക്ക് മൂന്ന് ലക്ഷം രൂപ കോഴ കിട്ടിയെന്നാണ് വിവരം.
യൂണിടാക് കമ്പനിയെ സരിതിന് പരിചയപ്പെടുത്തിയതിനാണ് മൂന്ന് ലക്ഷം രൂപ ലഭിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്.
ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. കോഴപ്പണം ശിവശങ്കര്‍ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. സ്വപ്നയുടെ രണ്ട് ലോക്കറുകളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ പണം ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.