ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ച പി. നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് ചോദ്യം ചെയ്യും. നെടുമാരന്റെ അവകാശവാദം പൂര്‍ണമായും തള്ളിക്കളയാന്‍ ആകില്ലെന്ന നിലപാടിലാണ് കേന്ദ്ര ഇന്റലിജന്‍സ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാകും.
തമിഴ് നാഷ്ണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി. നെടുമാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നായിരുന്നു നെടുമാരന്റെ അവകാശവാദം. വേലുപ്പിള്ള പ്രഭാകരന്‍ തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നായിരുന്നു നെടുമാരന്റെ അവകാശ വാദം. തഞ്ചാവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രഭാകരനും കുടുംബവുമായി താനും തന്റെ കുടുംബവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും നെടുമാരന്‍ പറഞ്ഞിരുന്നു. പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്റെ വെളിപ്പെടുത്തല്‍. തമിഴ് ഇഴം സംബന്ധിച്ച തന്റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.
ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം പ്രഭാകരന്റെ മടങ്ങിവരവിനുള്ള മികച്ച അവസരമാണെന്ന് നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്‍ ആരോഗ്യവാനായി ഇരിക്കുന്നു. പ്രഭാകരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കും. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും നെടുമാരന്‍ പറഞ്ഞിരുന്നു.
2009 മെയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ സേന ലോകത്തെ അറിയിച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കിയിരുന്നു. മെയ് 19 ന് മൃതദേഹത്തിന്റെ ചിത്രങ്ങളും ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.