ന്യൂഡല്‍ഹി: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് വയനാട്ടിലേക്ക് തിരിച്ച അന്വേഷണസംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് തുടങ്ങി.
ആള്‍ക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ദുരൂഹത ഒഴിയാന്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സാധ്യതകളാണ് പ്രത്യേക അന്വേഷണസംഘം തേടുന്നത്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടില്ല.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളുകള്‍ ഏതെങ്കിലും തരത്തില്‍ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്. അന്വേഷണത്തില്‍ ഉടന്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.