നിരക്ക് വര്‍ധന താങ്ങാനാവില്ല; പൊതു ടാപ്പുകളുടെ എണ്ണം കുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍

നിരക്ക് വര്‍ധന താങ്ങാനാവില്ല; പൊതു ടാപ്പുകളുടെ എണ്ണം കുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: കുടിവെള്ള നിരക്ക് വര്‍ധനക്ക് പിന്നാലെ ജല ഉപയോഗം കുറക്കാന്‍ കര്‍ശന നടപടികളുമായി തദ്ദേശ സ്ഥാപനങ്ങള്‍. ഇതിന്റെ ഭാഗമായി പൊതു ടാപ്പുകളുടെ എണ്ണം കുറക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി ആരംഭിച്ചത്.

പൊതുടാപ്പുകളുടെ ചാര്‍ജ് അടയ്ക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ ആയതിനാല്‍ ഇപ്പോഴത്തെ ഗണ്യമായ വര്‍ധന താങ്ങാനാകാത്ത സാഹചര്യത്തിലാണു നടപടി. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകള്‍ ഏകദേശം 15,000 രൂപയും നഗരസഭകളും കോര്‍പറേഷനുകളും ഏകദേശം 22,000 രൂപയും വാര്‍ഷികമായി നല്‍കണമെന്ന തരത്തിലാണ് ചാര്‍ജ് വര്‍ധനവ്.

അവശ്യ മേഖലകളില്‍ ഒഴികെ പൊതുടാപ്പുകള്‍ വേണ്ടെന്നാണു തദ്ദേശ സ്ഥാപനങ്ങളുടെയും തീരുമാനം. സംസ്ഥാനത്തെ രണ്ടു ലക്ഷത്തില്‍ പരം പൊതു ടാപ്പുകള്‍ക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് പ്രതിവര്‍ഷം 334.05 കോടി രൂപയാണു ജല അതോറിറ്റിക്ക് ഇനി നല്‍കേണ്ടി വരിക.

2021 ല്‍ 120 കോടി രൂപ ചെലവായിരുന്ന സ്ഥാനത്താണിത്. ഓരോ മാസവും തുക മുന്‍കൂട്ടി നല്‍കണം. പ്രവര്‍ത്തിക്കാത്ത പൊതു ടാപ്പുകള്‍ക്കും ജല അതോറിറ്റി ബില്‍ നല്‍കുന്നു എന്ന പരാതിയും വ്യാപകമാണ്.

കണക്ഷന്‍ വിഛേദിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ നല്‍കി ആറ് മാസത്തിലേറെ ആയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. കണക്ഷന്‍ വിഛേദിക്കാന്‍ മാത്രം ടാപ്പ് ഒന്നിന് 1000 രൂപ വരെയാണു ഫീസ്. ജല അതോറിറ്റിയുടെ ഒരു പൊതുടാപ്പിനുള്ള വാര്‍ഷിക നിരക്കുകള്‍ മുമ്പ് പഞ്ചായത്തുകളില്‍ 5250 രൂപയായിരുന്നു.

നിരക്ക് വര്‍ധനവിന് ശേഷം ഇത് 14,559.12 രൂപയായി ഉയര്‍ന്നു. നഗരപ്രദേശങ്ങളില്‍ മുമ്പ് 7884 രൂപയായിരുന്ന നിരക്ക് ഇപ്പോള്‍ 21,838.68 രൂപയാണ്. ചെലവു ചുരുക്കുന്നതിനു പൊതു ടാപ്പുകളുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമ്പോള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.