അതിരൂപത തര്‍ക്കം: അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം; ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഏകാംഗ കമ്മിഷന്‍

അതിരൂപത തര്‍ക്കം: അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം; ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഏകാംഗ കമ്മിഷന്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അപ്പസ്തോലിക് ന്യൂണ്‍ഷ്യോയെ വത്തിക്കാന്‍ ചുമതലപ്പെടുത്തി. ന്യൂണ്‍ഷ്യോയുടെ അഭ്യര്‍ഥനയെത്തുര്‍ന്ന് ലത്തീന്‍ സഭയുടെ എമിരിറ്റസ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യമാണ് ഏകാംഗ കമ്മിഷനായി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

അന്വേണത്തിന്റെ ഭാഗമായി അതിരൂപതയിലെ വിശ്വാസികള്‍, വൈദികര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ബസിലിക്ക സംഘര്‍ഷവുമായി ബന്ധപ്പെട്ട് സഭയും അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും നിയമിച്ച സമിതികള്‍ ഏകപക്ഷീയമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതും അന്വേഷണ വിധേയമാക്കും. പാലാരിവട്ടം പി.ഒ.സി.യില്‍ സമിതി തെളിവെടുപ്പ് നടത്തും.

ബസിലിക്കയില്‍ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ നിന്ന് ഒട്ടേറെ പരാതികളാണ് വത്തിക്കാനും പൗരസ്ത്യ തിരുസംഘത്തിനും ലഭിച്ചിരുന്നത്. സംഘര്‍ഷത്തെ തുര്‍ന്ന് ദേവാലയം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

വൈദികരുടെ അഖണ്ഡ കുര്‍ബാനയെക്കുറിച്ച് അന്വേഷിക്കാന്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമിതിയെ നിയമിച്ചിരുന്നു. ഏകപക്ഷീയ നിലപാടാണെന്നാരോപിച്ച് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികളും വൈദികരും സമിതിയുമായി സഹകരിച്ചിരുന്നില്ല.

പരിഹാരം കാണാതെ വന്നതോടെ സിറോ മലബാര്‍ സഭാ സിനഡില്‍ പ്രശ്‌ന പരിഹാരത്തിനായി സിനഡ് കമ്മിഷനെ നിയോഗിച്ചിരുന്നു. സിനഡ് സമാപിച്ചപ്പോളും പ്രശ്‌നപരിഹാരമുണ്ടായില്ല. ചര്‍ച്ചകള്‍ കമ്മിഷന്‍ തുടരുമെന്നായിരുന്നു സഭ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.