ദുബായില്‍ നിന്നെത്തിയത് 'സ്വര്‍ണ പാന്റും ഷര്‍ട്ടും' ധരിച്ച്; കരിപ്പൂരില്‍ നിന്ന് വടകര സ്വദേശിയെ പൊലീസ് പൊക്കി

 ദുബായില്‍ നിന്നെത്തിയത്  'സ്വര്‍ണ പാന്റും ഷര്‍ട്ടും' ധരിച്ച്; കരിപ്പൂരില്‍ നിന്ന് വടകര സ്വദേശിയെ പൊലീസ് പൊക്കി

മലപ്പുറം: സ്വര്‍ണ പാന്റും ഷര്‍ട്ടും ധരിച്ച് ദുബായില്‍ നിന്നും എത്തിയ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. വടകര സ്വദേശി മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വില വരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സഫുവാന്‍ ധരിച്ചിരുന്ന പാന്റിന്റെയും ഷര്‍ട്ടിന്റെയും ഉള്‍ഭാഗത്തായി സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയ ശേഷമുള്ള ഭാരം 2.205 കിലോ ഗ്രാമാണ്.

വസ്ത്രത്തില്‍ നിന്ന് ചുരുങ്ങിയത് 1.75 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് പോലീസ് പറയുന്നു. രണ്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 12-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

ഇതിനിടെ ചെരുപ്പിനകത്ത് മിശ്രിത രൂപത്തില്‍ സ്വര്‍ണവും രഹസ്യ ഭാഗത്ത് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവുമായി ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായി. 85 ലക്ഷം രൂപ വില വരുന്ന 1871 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.