സിനിമാ-സീരിയല്‍ താരം സുബി സുരേഷ് വിടവാങ്ങി

സിനിമാ-സീരിയല്‍ താരം സുബി സുരേഷ് വിടവാങ്ങി

കൊച്ചി: സിനിമാ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 41 വയസായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആര്‍ട്ടിസ്റ്റ് ആയിരുന്നു. അടുത്തിടെയായി രോഗ ബാധയെ തുടർന്ന് പൊതു പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കലാഭവനിലൂടെയാണ് സുബി കലാ രംഗത്തേക്ക് വന്നത്. കോമഡി ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. ടിവി അവതാരികയായും തിളങ്ങി. സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടികളിലെ ശ്രദ്ധേയ താരമായിരുന്നു സുബി. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു.

കോവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഏറെ നാളുകളായി കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വിവാഹം വൈകാതെ നടക്കുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ നടി പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.