വിമര്‍ശനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പുതിയ തസ്തിക; സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ്

വിമര്‍ശനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പുതിയ തസ്തിക; സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ്

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍. ഇതിനായി സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസും തുറക്കും. മുഖ്യമന്ത്രിയടക്കം വി.ഐ.പികള്‍ക്ക് പഴുതടച്ച സുരക്ഷയൊരുക്കാനാണ് പൊലീസില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ (വി.ഐ.പി സെക്യൂരിറ്റി) എന്ന പുതിയ തസ്തിക സൃഷ്ടിച്ചത്.

എസ്.പി റാങ്കില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് ഇതിലേക്കായി നിയമിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഓഫീസും അനുവദിക്കും. സായുധ ബറ്റാലിയന്‍ ആസ്ഥാനത്തെ കമാന്‍ഡന്റ് ജി. ജയ്‌ദേവിനെയാണ് വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കിയത്.

കമാന്‍ഡന്റിന്റെ പൂര്‍ണ അധികചുമതലയും ജയ്‌ദേവ് വഹിക്കും. പദവിയും ചുമതലകളും പൊലീസ് ആസ്ഥാനത്തെ അസി. ഇന്‍സ്‌പെക്ടര്‍ ജനറലിന്റേതിന് തുല്യമാക്കി. ശമ്പളസ്‌കെയില്‍ 78,800 - 2,09,200.

വി.ഐ.പി സുരക്ഷയില്‍ കേരളം മുഴുവന്‍ അധികാരപരിധിയുണ്ടാവും. ഇന്റലിജന്‍സ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രിയുടെ യാത്രകളിലെയും ഓഫീസിലെയും ക്ലിഫ് ഹൗസിലെയും മറ്റ്് താമസസ്ഥലങ്ങളിലെയുമടക്കം സുരക്ഷാ ഏകോപനവും മേല്‍നോട്ടവും എസ്.പിക്കായിരിക്കും.

ഒരുവര്‍ഷ കാലയളവിലേക്കാണ് എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചത്. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും.

മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന ശുപാര്‍ശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.