ന്യൂഡല്‍ഹി: നാടകീയതകള്‍ക്കൊടുവില്‍ പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അടുത്ത ദിവസം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ അധിഷേപിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്നും പുറത്തിറക്കി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ അടിയന്തിര ഹർജിയുമായി കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും കോടതി അടിയന്തിര ഇടപെടൽ നടത്തുകയുമായിരുന്നു.
അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണു ഖേരയെ വിമാനത്തില്‍നിന്നു പുറത്താക്കിയത്.
ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചു. പവന്‍ ഖേരയുടെ അറസ്റ്റ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വി സുപ്രീംകോടതിയില്‍ ഉന്നയിച്ചു. ശിവസേന കേസിലെ വാദത്തിനിടെയാണ് വിഷയം ഉന്നയിച്ചത്. ഇക്കാര്യം സുപ്രീം കോടതി ഉടന്‍ പരിഗണിക്കുകയായിരുന്നു.
പവന്‍ ഖേരയ്ക്ക് എതിരായ നടപടിയില്‍ അന്‍പതോളം കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മറ്റു നേതാക്കളെല്ലാം വിമാനത്തില്‍ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോര്‍ട്ട്.
കാരണമില്ലാതെയാണു ഖേരയ്‌ക്കെതിരെ നടപടിയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അറസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം നിറയുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ പവന്‍ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പേരില്‍ ദാമോദര്‍ദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു. ദാമോദര്‍ദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരില്‍ ദാമോദര്‍ദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് ഖേര പറഞ്ഞു. പരാമര്‍ശം ആക്ഷേപകരമാണെന്നു കാട്ടി ലക്‌നൗവിലെ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.