എന്‍ഐഎ റെയ്ഡ്: പിടിയിലായവരില്‍ ഖാലിസ്ഥാന്‍ ഭീകരും ലോറന്‍സ് ബിഷ്‌ണോയിയുടെ അനുയായികളും

എന്‍ഐഎ റെയ്ഡ്: പിടിയിലായവരില്‍ ഖാലിസ്ഥാന്‍ ഭീകരും ലോറന്‍സ് ബിഷ്‌ണോയിയുടെ അനുയായികളും

ന്യൂഡല്‍ഹി: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ആറ് കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍. ഖാലിസ്ഥാന്‍ ഭീകരവാദിളും പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികളും എന്‍ഐഐയുടെ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ആറുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ലോറന്‍സ് ബിഷ്‌ണോയ്, ജഗ്ഗു ഭഗവാന്‍പുരിയ, ഗോള്‍ഡി ബ്രാര്‍ എന്നീ ഗുണ്ടാതലവന്‍മാരുടെ അനുയായികളും കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയുടെ കൂട്ടാളിയുമാണ് പിടിക്കപ്പെട്ടത്.

പിടിയിലായവര്‍ക്ക് മയക്കുമരുന്ന്, കള്ളക്കടത്ത്, ആയുധക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൊലപാതകങ്ങളും ഇവര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാജസ്ഥാനില്‍ നിന്ന് പിടിയിലായ ലക്കി ഖോഖര ഖാലിസ്ഥാന്‍ ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ഖാലിസ്ഥാന്‍ വാദികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച അറസ്റ്റിലായ ദലിപ് ബിഷ്‌ണോയുടെ പേരില്‍ 13 ക്രിമിനല്‍ കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ പാകിസ്ഥാനില്‍ നിന്നും എത്തിച്ചവയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്ഥാന്റെയും ഐഎസിന്റെയും സഹായത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തെപ്പറ്റിയുള്ള രഹസ്യ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.