ന്യൂഡല്‍ഹി: ആര്‍ത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവാവധി നല്‍കുന്ന നിയമങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഇത് നയപരമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇത്തരം നിയമങ്ങള്‍ നിലവില്‍ വന്നാല്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ പല സ്ഥാപനങ്ങളും മടിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇത്തരം ആവശ്യങ്ങളുമായി വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷന്‍ 14 പാലിക്കാന്‍ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികള്‍ക്കും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി അനുവദിക്കണണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ത്രിപാഠി വാദിച്ചു.
ഗര്‍ഭാവസ്ഥയിലും, ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യത്തിലും, ട്യൂബക്ടമി ഓപ്പറേഷനിലും, മറ്റ് ഗര്‍ഭസംബന്ധമായ അസുഖങ്ങള്‍, മെഡിക്കല്‍ സങ്കീര്‍ണതകള്‍ എന്നീ സാഹചര്യങ്ങളിലെല്ലാം തൊഴിലുടമകള്‍ക്ക് നിശ്ചിത ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് നിയമത്തിലെ വ്യവസ്ഥകള്‍ അനുശാസിക്കുന്നു.
എന്നാല്‍ ഈ നിയമം പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും അതത് ജോലി സ്ഥലത്ത് ആര്‍ത്തവാവധി നല്‍കാന്‍ അനുയോജ്യമായ നിയമങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ത്രിപാഠി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
സ്ത്രീകളെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ് ആര്‍ത്തവം. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ സ്ത്രീകളെ വളരെ മോശമായി ബാധിക്കാറുണ്ട്. ഓഫീസിലായിരിക്കുമ്പോള്‍ പലര്‍ക്കും ഈ അസ്വസ്ഥതകള്‍ വളരെ രൂക്ഷമാകാറുമുണ്ട്. ആ സമയത്ത് വീട്ടിലിരുന്ന് വിശ്രമിക്കുക എന്നതാണ് ആര്‍ത്തവ അവധി കൊണ്ട് ഉദ്ദേശിക്കുന്നത്.
ചില തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കി വരുന്നുണ്ട്. ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും.
ആര്‍ത്തവ അവധി ഇതുവരെ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ബൈജൂസ്, സൊമാറ്റോ പോലുള്ള ചില സ്വകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാധി നല്‍കി വരുന്നുണ്ട്. ആര്‍ത്തവ അവധികള്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഈയടുത്ത് നടന്ന സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.
2017 ല്‍ ജപ്പാനീസ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 0.9 ശതമാനം പേര്‍ മാത്രമേ ആര്‍ത്തവ അവധി എടുക്കുന്നുള്ളുവെന്നാണ് കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.