ബിജെപിയെ താഴെയിറക്കാന്‍ സഖ്യങ്ങള്‍ക്ക് തയ്യാര്‍; കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഖര്‍ഗെ

ബിജെപിയെ താഴെയിറക്കാന്‍ സഖ്യങ്ങള്‍ക്ക് തയ്യാര്‍; കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഖര്‍ഗെ

റായ്പൂര്‍: കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ. പാര്‍ലമെന്റില്‍ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകള്‍ വേദിയിലുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ആവര്‍ത്തിക്കുകയും ചെയ്തു ഖര്‍ഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാന്‍ ബിജെപി ശ്രമം നടത്തി. അതിന്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡിലെ ഇഡി റെയ്‌ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. എല്‍.ഐ.സി, എസ്.ബി.ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകള്‍ക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎന്‍എ പാവപ്പെട്ടവര്‍ക്കെതിരാണെന്നും ഖര്‍ഗെ ആഞ്ഞടിച്ചു. ജനവിരുദ്ധ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഖ്യങ്ങള്‍ക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുമെന്നും ഖര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന് എതിരാണെന്ന് വിമര്‍ശിക്കുന്നവര്‍ ചൈന അതിര്‍ത്തിയില്‍ കടന്നുകയറിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കി. ചൈന അവിടെ റോഡും കുളവും എല്ലാം നിര്‍മ്മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദേശകാര്യമന്ത്രി പറയുന്നത് ചൈനയുമായി സംഘര്‍ഷത്തിനില്ല എന്നാണ്. ഇഡി നമ്മളെ റെയ്ഡ് ചെയ്യുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു. ഡല്‍ഹിയില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പാവങ്ങള്‍ക്ക് 60 രൂപയാണ് ദിവസ വരുമാനം. എന്നാല്‍ പ്രധാനമന്ത്രിയുടെ സുഹൃത്തിന് ആയിരം കോടി ദിവസം വരുമാനമുണ്ടെന്നും ഖര്‍ഗെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.