കാസര്‍കോട് സര്‍ക്കാര്‍ കോളജിലെ കുടിവെള്ളം മലിനമെന്ന് ലാബ് റിപ്പോര്‍ട്ട്; ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും

കാസര്‍കോട് സര്‍ക്കാര്‍ കോളജിലെ കുടിവെള്ളം മലിനമെന്ന് ലാബ് റിപ്പോര്‍ട്ട്; ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും

കാസര്‍കോട്: സര്‍ക്കാര്‍ കോളജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ മാലിന്യം ഉണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന് ലാബ് റിപ്പോര്‍ട്ട്. കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നു നടന്ന സമരവും വാര്‍ത്തയായതിന് പിന്നാലെ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോളജിലെ പ്യൂരിഫയറില്‍ നിന്ന് ശേഖരിച്ച വെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ എം. രമയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കോളജില്‍ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് എം രമയുടെ വാദം. ക്യാമ്പസിനുള്ളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാണെന്നും എസ്.എഫ്.ഐക്കാരുടെ നേൃതത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്ക് മുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതിയെന്നും തനിക്കിപ്പോള്‍ സമയമില്ലെന്നുമായിരുന്നു പ്രതികരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം. രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം. രമ ഉപയോഗിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നുണ്ട്. വിദ്യാര്‍ത്ഥികളെകൊണ്ട് കാലുപിടിപ്പിച്ചതിന്റെ പേരിലും എം രമ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.

എസ്.എഫ്.ഐ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് രമ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എം. രമ വ്യക്തമാക്കി. രമയുടെ പരാതിയില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം, ലഹരി, അസന്മാര്‍ഗിക ആരോപണങ്ങള്‍ക്കെതിരെ എം. രമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.