പഴയ പിണറായിയുടെ വീമ്പ് കേട്ട് കേരളം മടുത്തു; മറുപടി പറഞ്ഞപ്പോള്‍ ഓടിയ വഴിയില്‍ പുല്ല് മുളച്ചിട്ടില്ല: കെ. സുധാകരന്‍

പഴയ പിണറായിയുടെ  വീമ്പ് കേട്ട് കേരളം മടുത്തു; മറുപടി പറഞ്ഞപ്പോള്‍ ഓടിയ വഴിയില്‍ പുല്ല് മുളച്ചിട്ടില്ല: കെ. സുധാകരന്‍

തിരുവനന്തപുരം: പഴയ പിണറായി വിജയന്‍ എന്തായിരുന്നുവെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ട് മടുത്തതാണ്. അതിന് ഉചിതമായ മറുപടി നല്‍കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലു കിളിത്തിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.

സുരക്ഷ സന്നാഹങ്ങളുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഇന്ന് നടന്ന വാദപ്രതിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി തന്റെ പഴയ കാലത്തെ കുറിച്ച് സുധാകരനോട് ചോദിച്ചാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ സര്‍വ്വസന്നാഹങ്ങളുമായി നില്‍ക്കുന്ന കാലത്ത് താന്‍ ഒറ്റത്തടിയായി നടന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇത്ര പേടിയാണെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടിവരുമെന്ന വി.ഡി സതീശന്‍ പരിഹസിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഇതിന് മറുപടി പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറയുകയുണ്ടായി.

ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് വിട്ടു കൊടുക്കാത്തതെന്ന് കെ.സുധാകരന്‍ ചോദിച്ചു. ഇ.ഡി ചോദ്യം ചെയ്താല്‍ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെ നാള്‍ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.