"മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.” (ലൂക്കാ 18:27)
*മനുഷ്യജീവിതത്തിലെ അസാധ്യമായ കാര്യങ്ങള്‍ സാധ്യമാകുന്നതിന് പ്രാര്‍ത്ഥന ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്. നമ്മുടെ കർത്താവ് നമ്മോടു പറഞ്ഞിട്ടുണ്ട് : “മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിന് സാധ്യമാണ്”. വിനയത്തോടുകൂടി ദൈവത്തിലേക്ക് തിരിയുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നാം വിശ്വസിക്കണം.നമ്മുടെ കർത്താവിലേക്ക് തിരിയാത്തതാണ് പ്രതിസന്ധികളുടെ കാരണം. അത് ജീവിതത്തിലായാലും വിശുദ്ധ കുർബാനയിലായാലും ഒരേപോലെതന്നെ.കലഹങ്ങളും കലാപങ്ങളും ഇല്ലാതാക്കാൻ ദൈവത്തിന് ഒട്ടും സമയം വേണ്ട.
പ്രശസ്ത ആംഗലേയ കവി യേറ്റ്‌സിന്റെ വരികള്‍ എത്രയോ പ്രസക്തമാണിന്ന്. ”ഏറ്റവും നല്ലവര്‍ക്ക് ബോധ്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു, എന്നാല്‍ ഏറ്റവും ദുഷ്ടര്‍ വികാരങ്ങള്‍ നിറഞ്ഞ് ഉറഞ്ഞുതുള്ളുന്നു.” നമ്മുടെ ജീവനെ എടുക്കാൻ ദൈവത്തിന് ഒരു നിമിഷം മതി.കഠിനഹൃദയരായവരെ ദൈവാത്മാവുതന്നെ മയപ്പെടുത്തും, സദ്വാര്‍ത്ത സ്വീകരിക്കുവാന്‍ ഒരുക്കും, തീര്‍ച്ച.
"നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരു പോലെ വളരും." (സങ്കീ. 92:12).അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍ നീതിമാന്റെ അല്പമാണ് മെച്ചം' (സങ്കീ. 37:16). എന്ന് നാം തിരിച്ചറിയുകയാണ്. പാപത്തിന് ശിക്ഷയില്ല എന്നല്ല ഇതിനര്‍ത്ഥം.കര്‍ത്തൃകോപം സാവധാനമേ വരൂ' (5:4) എന്ന പ്രഭാഷകവചനം ഓര്‍ക്കുന്നത് നല്ലതാണ്.നീതിയുടെ വഴിയിൽ ചരിക്കുന്നവർ ദൈവത്തിന്റെ വിജയം നേടും.
ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ്. യാതൊരു സാങ്കേതികവിദ്യ ഉപയോഗിച്ചും അതിനെ അളക്കാനാകില്ല. സ്വന്തശക്തിയാൽ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്ക് ചെയ്യാനാകും.നമ്മുടെ വിശ്വാസവും ആത്മീയതയും പരിരക്ഷിക്കേണ്ടത് മാനുഷിക തീരുമാനങ്ങൾ കൊണ്ടല്ല,മറിച്ച് ദൈവകാരുണ്യത്തിലാണ്.
മനുഷ്യരായ നമുക്ക് തരണംചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, പ്രിയപ്പെട്ടവരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നുംവിധം കുടുംബജീവിതം പ്രതിസന്ധിയിലായിരിക്കാം.നമ്മുടെ സഭയിലെ പ്രതിസന്ധികൾ പരിഹരിക്കാത്തതായിരിക്കാം, ഒരുപക്ഷേ നമ്മുടെ ജീവിതസാഹചര്യങ്ങൾ പ്രതീക്ഷയറ്റതായിരിക്കാം. നിസ്സഹായതയും നിരാശയും നമുക്ക് അനുഭവപ്പെടുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എന്തു ചെയ്യാനാകും?നാം ദൈവത്തിൽ ആശ്രയിക്കുക എന്നതുതന്നെ.
ഒരു വ്യക്തി സർവശക്തനായ ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും ഒപ്പം അവിടുത്തെ സന്തോഷിപ്പിക്കാൻ തന്നെക്കൊണ്ടാവുന്നത്ര ശ്രമിക്കുകയും ചെയ്യുമ്പോൾ അസാധ്യമെന്നു തോന്നുന്ന പല ദുർഘടങ്ങളും തരണംചെയ്യാൻ അയാൾക്കു സാധിക്കുമെന്ന് ബൈബിൾ പറയുന്നു. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മർക്കോസ് 11:23) .
മനുഷ്യന്റെ ശക്തികൊണ്ടോ ഒരുക്കങ്ങള്‍കൊണ്ടോ കഴിവുകൊണ്ടോ ഇക്കാലത്തെ അന്ധകാരത്തെ നേരിടുവാനും സുവിശേഷം നല്‍കുവാനും സാധിക്കുകയില്ല.പ്രപഞ്ചത്തിന്റെ ആരംഭത്തിലുണ്ടായിരുന്ന അന്ധകാരം നിറഞ്ഞതും രൂപരഹിതവും ആത്മീയമായി ശൂന്യവുമായ ഒരു അവസ്ഥയാണ് നാം ഇന്ന് നമ്മുടെ സഭയിൽ അഭിമുഖീകരിക്കുന്നത്?. നിബിഡമായ അന്ധകാരത്തിന്റെ അവസ്ഥയില്‍പ്പോലും വെളിച്ചത്തെ സൃഷ്ടിക്കുവാന്‍ കഴിവുറ്റവനാണ് ദൈവം എന്ന് നമുക്ക് എപ്പോഴും ഓര്‍ക്കാം (ഉല്‍പത്തി 1:3).
90 വയസ്സുണ്ടായിരുന്ന സാറായോട് ‘നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും’ എന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചുപോയി. പക്ഷേ, അങ്ങനെ സംഭവിച്ചു എന്നതിന്റെ തെളിവാണ് ഇസ്രായേൽ ജനത. വലിയൊരു മത്സ്യം ഒരു മനുഷ്യനെ വിഴുങ്ങി. മൂന്നുദിവസം അതിന്റെ ഉള്ളിൽ കഴിഞ്ഞ അദ്ദേഹം ജീവനോടെ പുറത്തിറങ്ങി തന്റെ അനുഭവം രേഖപ്പെടുത്തിവെച്ചു. യോനാ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒരു ഡോക്‌ടറായിരുന്ന ലൂക്കോസിന് അബോധാവസ്ഥയും മരണവും തമ്മിലുള്ള വ്യത്യാസം നന്നായി അറിയാമായിരുന്നു. ജനലിലൂടെ മുകളിലത്തെ നിലയിൽനിന്ന് താഴെ വീണു മരിച്ച യൂത്തിക്കൊസ് എന്ന യുവാവിന് ജീവൻ തിരികെ ലഭിച്ചത് എങ്ങനെയെന്ന് അവൻ രേഖപ്പെടുത്തുകയുണ്ടായി. ഇവയൊന്നും വെറും കെട്ടുകഥകളല്ല. ഈ ഓരോ വിവരണങ്ങളും ശ്രദ്ധാപൂർവം പഠിക്കുകയാണെങ്കിൽ അവ വിശ്വസനീയമാണെന്ന് നമുക്ക് ബോധ്യപ്പെടും.—ഉല്‌പത്തി 18:10-14; 21:1, 2; യോനാ 1:17; 2:1, 10; പ്രവൃത്തികൾ 20:9-12.
ലോകം മുഴുവൻ നേടിയാലും ഒരുവന്റെ ആത്മാവു നശിച്ചാൽ എന്തു ഫലം? ലൗകിക കാര്യങ്ങളെ പ്രതി ഈ ലോകത്തിൽ ആരെയും വിധിക്കാനോ കുറ്റം പറയാനോ,പഴിചാരനോ ശ്രമിക്കുന്നത് ദൈവത്തിന് പ്രീതികരമല്ല എന്നോർക്കുക. സാത്താൻ പൂർണ്ണമായും കീഴടക്കിയ പാപപങ്കിലമായ ആത്മാക്കൾ നമ്മുടെ ഇടയിലും ഉണ്ട്. അധികാരികൾ പറഞ്ഞത് അനുസരിക്കാത്തവർ .വിശ്വാസികളെ വഴി തെറ്റിക്കുന്നവർ. പാപംമൂലം കഠിനഹൃദയരായ ഇവർ പാപങ്ങളെക്കുറിച്ച് മനസ്തപിക്കാതെ ഈ ലോകം വിട്ടുപോകാൻ ഇടവരുന്നു എന്നതാണ് ഭയാനകം.
നീണ്ട സംസാരങ്ങൾ സാത്താൻ വിരിക്കുന്ന വലകളാണ്. അതിൽ ധാരാളം ആത്മാക്കൾ വീണുപോകുന്നു. നിഷ്പ്രയോജനമായ സംസാരം നിയന്ത്രിക്കുക. സത്യം മാത്രം നിങ്ങളുടെ അധരങ്ങളിൽനിന്നും പുറത്തുവരട്ടെ. സ്വർഗ്ഗത്തിൽനിന്നുള്ള അടയാളങ്ങളാൽ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പുനൽകുന്നു. ശിക്ഷകൾ ഓരോന്നായി പലയിടത്തും പ്രത്യക്ഷപ്പെടുന്നു. കഷ്ടപ്പാടുകളും രോഗങ്ങളും നിരാശയും നിങ്ങളെ കീഴ്‌പ്പെടുത്തുന്നു. ഞാൻ ഇവ അയയ്ക്കുന്നത് നിങ്ങളിൽ കൂടുതൽ ദൈവഭയവും എന്റെ കൽപനകൾ അനുസരിക്കാനുള്ള ശുഷ്‌കാന്തിയും ഉണ്ടാകാനാണ്. അല്ലെങ്കിൽ നിങ്ങളുടെ ആത്മാക്കളെ എനിക്കു എന്നേക്കുമായി നഷ്ടപ്പെടും.
തന്റെ തിരഞ്ഞെടുക്കപ്പെട്ടവർ വഴിയും പ്രവാചകർ വഴിയും കർത്താവ് നിങ്ങൾക്കു മുന്നറിയിപ്പ് നൽകുന്നു. ദൈവകൃപനിറഞ്ഞ പുരോഹിതന്മാരും സന്യാസിമാരും അവിടുത്തെ രണ്ടാം വരവിനുമുമ്പായി നശിച്ച ആത്മാക്കളെ അവരുടെ മരണ ഉറക്കത്തിൽനിന്നും വിളിച്ചുണർത്താൻ ശ്രമിക്കും. കർത്താവാരാണെന്ന് വിശ്വസിക്കാത്ത ആത്മാക്കൾ അവസാനവിധിനാളിൽ ആകാശത്തിന്റെയും ഭൂമിയുടെയും നാഥൻ തന്റെ സർവ്വമഹിമകളോടും കൂടി പ്രത്യക്ഷനാകുമ്പോൾ എല്ലാം മനസ്സിലാക്കും.
നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ ദൈവവചനത്തെയും അവിടുത്തെ ആത്മാവിനെയും അനുവദിക്കുന്നെങ്കിൽ തരണംചെയ്യാൻ അല്ലെങ്കിൽ സഹിച്ചുനിൽക്കാൻ അസാധ്യമായ ഒരു സാഹചര്യവും നമുക്ക് ഉണ്ടാകില്ല.ആർക്കും "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” (ഹെബ്രായർ 11:6)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.