ബംഗളൂരു: നിയമ സഭാ തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ശേഷിക്കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗളൂരു രൂപതാ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ.
ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ മതപരിവര്‍ത്തനത്തിന് തനിക്കെതിരെ കേസെടുക്കുമെങ്കില്‍ താന്‍ ഇനിയും തന്റെ പ്രവൃത്തി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മതപരിവര്‍ത്തനനിരോധനനിയമത്തില്‍ സൗജന്യം നല്‍കി മതം മാറ്റരുതെന്ന പരാമര്‍ശമുണ്ട്. സൗജന്യം നല്‍കുന്നത് നിര്‍ത്തുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് ചോദിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കില്‍ അത് ഞാനിനിയും ഇരട്ടി ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു.
നല്ലത് ചെയ്യുന്നതില്‍ നിന്ന് നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല. സ്‌കൂളുകളില്‍ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുക്കട്ടെ. അത് പുറത്തുവിടട്ടെ.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ ബാവയ്ക്ക് ബംഗളുരുവിലെ വിശ്വാസിസമൂഹം നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ബംഗളുരു രൂപതാ ആര്‍ച്ച് ബിഷപ്പില്‍ നിന്നും രൂക്ഷ പരാമര്‍ശങ്ങളുണ്ടായത്.
ബംഗളുരു ക്ലാരന്‍സ് സ്‌കൂളില്‍ ബൈബിള്‍ നിര്‍ബന്ധമാക്കിയെന്ന തരത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം കടുത്ത വിമര്‍ശനത്തോടെ തള്ളി. കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയപ്പോള്‍ത്തന്നെ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.