കല്ലേറ് പേടിച്ച് മുഖ്യമന്ത്രി ആകാശ യാത്രക്കൊരുങ്ങുന്നു; ഹെലികോപ്റ്റര്‍ വാങ്ങലിനെ പരിസഹിച്ച് കെ. സുധാകരന്‍

കല്ലേറ് പേടിച്ച് മുഖ്യമന്ത്രി ആകാശ യാത്രക്കൊരുങ്ങുന്നു; ഹെലികോപ്റ്റര്‍ വാങ്ങലിനെ പരിസഹിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനങ്ങളുടെ മേല്‍ താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തി ട്രയല്‍ എടുത്തു. സര്‍ക്കാരിന്റെ അധിക നികുതി ചുമത്തലും ആര്‍ഭാടവും മൂലം ജനങ്ങളുടെ ജീവിതാവസ്ഥ വളരെ മോശമാണെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ 'റൊട്ടി ഇല്ലെങ്കില്‍ ജനങ്ങള്‍ കേക്ക് തിന്നട്ടെ' യെന്നു പറഞ്ഞ ഫ്രഞ്ച് രാജകുമാരിയുടെ മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഒരു പാഠവും പഠിക്കാന്‍ തയാറല്ല.

സ്വപ്ന സുരേഷിനെ അറിയില്ലെന്നു നിയമസഭയില്‍ കല്ലുവച്ചകള്ളം വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.