'മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു'.
തൃശൂര്‍: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗൂഢാലോചനയുടെ ഉറവിടം ക്ലിഫ് ഹൗസാണെന്നും മുന്‍ എംഎല്‍എ അനില്‍ അക്കര.
അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ അനില്‍ അക്കര ഇതുസംബന്ധിച്ച് തദ്ദേശവകുപ്പ് മന്ത്രിക്ക് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് 2020 ആഗസ്റ്റ് 20ന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വിട്ടു.
ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് മുന്‍ മന്ത്രി എ.സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തു വിട്ടത്. റിപ്പോര്‍ട്ടിലെ നാലാമത്തെ പേജില്‍ വ്യക്തമാക്കുന്നത് പ്രകാരം 2019 ജൂലൈ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് ലൈഫ് മിഷന്‍ സി.ഇ.ഒ ധാരണാ പത്രം ഒപ്പിടുന്നത്.
ഇതില്‍ ഒരിടത്തും വടക്കാഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫ്‌ളാറ്റ് പണിയുന്നതെന്ന് പറയുന്നില്ല. യൂണിടാക്കിനെ ചുമതലപ്പെടുത്തിയെന്നും ഈ ധാരണാപത്രത്തില്‍ പറയുന്നില്ലെന്നും അനില്‍ അക്കര പറഞ്ഞു.
ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഒരു വിദേശ ഭരണാധികാരിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് വടക്കാഞ്ചേരി നഗരസഭയില്‍ യൂണിടാക്കിനെ ചുമതലപ്പെടുത്താനും തീരുമാനമെടുത്തത്. യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്നെടുത്ത ഈ തീരുമാനം പൂര്‍ണമായും വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ചട്ടങ്ങളുടെ ലംഘനമാണ്.
മുഖ്യമന്ത്രിക്കോ, വിദേശ രാജ്യങ്ങളിലെ ഏജന്‍സികള്‍ക്കോ ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമില്ല. ഈ യോഗം ചേര്‍ന്നത് ക്ലിഫ് ഹൗസിലാണെന്നുള്ളത് സ്വപ്ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. അതിന്റെ ചാറ്റാണ് പുറത്തുവന്നത്. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ നിന്നായിരുന്നു.
ഇതിന്റെയെല്ലാം സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. എല്ലാ നുണയും പൊളിക്കാനുള്ള തെളിവുകള്‍ കൈയിലുണ്ട്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറില്ലെന്നും അവ സുപ്രീം കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് അനില്‍ അക്കര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.