'ചൈനയുടെ കടന്നുകയറ്റം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാവില്ല': കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

'ചൈനയുടെ കടന്നുകയറ്റം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാവില്ല': കേന്ദ്ര സര്‍ക്കാരിനെതിരെ  വീണ്ടും രാഹുല്‍ ഗാന്ധി

ലണ്ടന്‍: അതിര്‍ത്തിയില്‍ നിന്നുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് രാഹുലിന്റെ പരാമര്‍ശം.

രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു. അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അനുവാദമില്ല. ഇത് ലജ്ജാകരമാണ്.

പ്രതിപക്ഷം ഉന്നയിക്കുന്ന ഒരാശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിചിത്രമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളാണ്. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയാണ്.

ഇന്ത്യന്‍ മാധ്യമങ്ങളെയും അദേഹം വിമര്‍ശിച്ചു. പല പ്രധാനപ്പെട്ട വിഷയങ്ങളും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു. ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ മാധ്യമങ്ങള്‍ കാണിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.