'ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനപൂര്‍വമായുണ്ടാക്കിത്'; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

'ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനപൂര്‍വമായുണ്ടാക്കിത്'; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാന്‍ മനപൂര്‍വമായുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാന്‍ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ, അജൈവ മാലിന്യങ്ങള്‍ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തിയിരുന്നു. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്‍പറേഷനെതിരെയുള്ള വിമര്‍ശനം.

ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ഇന്നും പുക വ്യാപിച്ചിട്ടുണ്ട്. ദേശീയ പാതയിലും പുക രൂക്ഷമാണ്. ബ്രഹ്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താല്‍കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.

ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ചു. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.