കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ ബുധനാഴ്ച സ്ത്രീകള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം.
ഇതിന് പുറമേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എം.ഡി ലോക്നാഥ് ബെഹ്റ അന്നേ ദിവസം ഉച്ചക്ക് 12 ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കും. വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പരിപാടികളും മെഡിക്കല്‍ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കും.
മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക.
ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് ലോക്നാഥ് ബെഹ്റ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. നെക്സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക.
കംപ്യൂട്ടറിന്റെ സിപിയു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിള്‍ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കായി സൗജന്യ ബോണ്‍ ഡെന്‍സിറ്റി പരിശോധയും വനിതാ ദിനത്തില്‍ മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും മേയര്‍വിറ്റ ബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് വരെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.