ഗാന്ധിനഗര്‍: ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തി ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള 75 വര്‍ഷത്തെ സൗഹൃദ ആഘോഷത്തിനായാണ് രണ്ട് പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തിയത്.
നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് സ്വീകരിച്ചത്. ഹര്‍ഷാരവത്തോടെയാണ് കാണികള്‍ രണ്ടു നേതാക്കളെയും വരവേറ്റത്.
തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവ് സ്മിത്തിനും പ്രധാനമന്ത്രിമാര്‍ അവരുടെ ടെസ്റ്റ് ക്യാപ്പുകളും സമ്മാനിച്ചു.
ശേഷം തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തെ വലം വെച്ച നരേന്ദ്ര മോഡിയും ആല്‍ബനീസിയും കാണികളെ അഭിവാദ്യം ചെയ്തു. പിന്നീട് സ്റ്റേഡിയത്തിലെ പ്രത്യേക പവലിയന്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി ഇരുവര്‍ക്കും പവലിയനിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടങ്ങളുടെ ഓര്‍മകളും ചിത്രങ്ങളും വിശദീകരിച്ചുകൊടുത്തു. ഇതിനുശേഷം ഇരു ടീമിലെയും താരങ്ങളെ ഗ്രൗണ്ടില്‍ പരിചയപ്പെട്ട ഇരു പ്രധാനമന്ത്രിമാരും കളിക്കാര്‍ക്കൊപ്പം നിന്ന് ദേശീയ ഗാനവും പാടിയാണ് വി.ഐ.പി ഗ്യാലറിയിലെത്തി മത്സരം കാണാനിരുന്നത്.
ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരം ഏറെ നേരം വീക്ഷിച്ച ശേഷമാണ് മോഡിയും ആല്‍ബനീസിയും അഹമ്മദാബാദിലെ സ്റ്റേഡിയം വിട്ടത്. റെക്കോര്‍ഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. 132000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ ഒരു ലക്ഷം കാണികളാണെത്തിയത്.
അതേസമയം, ഇന്ത്യ-ഓസീസ് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ സീരിസിലെ അവസാന മത്സരം അഹമ്മദാബാദില്‍ പുരോഗമിക്കുകയാണ്. ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച സ്‌കോറില്‍ മുന്നേറുകയാണ്. ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.