കൊച്ചി: പത്താം ദിനവും വിഷപ്പുക ശ്വസിക്കേണ്ടി വരുന്ന ദുര്‍വിധിക്കിടെ ബ്രഹ്മപുരത്തേക്ക് വീണ്ടും മാലിന്യങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച മുതല്‍ പ്ലാന്റിന് മുന്നില്‍ നാട്ടുകാര്‍ സമരത്തിന്. പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായതിന് ശേഷമേ മാലിന്യം കൊണ്ടുവരാന്‍ പാടുള്ളൂ എന്ന നിര്‍ദേശം പാലിക്കാതെ പൊലീസിനെ കൊണ്ട് ഭീഷണിപ്പെടുത്തി മാലിന്യം വീണ്ടും എത്തിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നതെന്ന് കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്മപുരം ജനകീയ സമിതി അംഗവുമായ യൂനസ് പറഞ്ഞു. മാലിന്യ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് സമരം.
പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും ജൈവമാലിന്യങ്ങള്‍ കവചിത വാഹനത്തിലേ കൊണ്ടുവരുവാന്‍ പാടുള്ളൂ എന്നുമുള്ള കോടതിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. തുറന്ന വാഹനത്തിലാണ് മാലിന്യം കൊണ്ടുവരുന്നത്. പ്ലാന്റിലേക്ക് വരുന്ന മാലിന്യ വാഹനങ്ങള്‍ ജനകീയ സമിതി തടഞ്ഞ് പരിശോധിക്കുമെന്നും യൂനസ് പറഞ്ഞു.
പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഭരണകൂടം ബോധവാന്മാരല്ല. മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ പുക അന്തരീക്ഷത്തില്‍ തിങ്ങി നില്‍ക്കും. ഇത് ശ്വസിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ശ്വാസംമുട്ടലും ചുമയും അലര്‍ജിയുമൊക്കെ ഉണ്ടാകുന്നുണ്ട്. വിഷപ്പുക ശ്വസിച്ച് 899 പേരാണ് ഇതുവരെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലിനിക്ക് ആരംഭിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ചൊച്ചാഴ്ച മുതല്‍ പ്രദേശത്ത് ആരോഗ്യ സര്‍വേ ആരംഭിക്കും. പുക അടങ്ങാത്ത സാഹചര്യത്തില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കുഞ്ഞുങ്ങള്‍, പ്രായമുള്ളവര്‍, രോഗബാധിതര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറമേ നിന്ന് കൊച്ചിയില്‍ എത്തുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.