ജിഷമോളുടെ കയ്യിലുണ്ടായിരുന്നത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍; കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറും

ജിഷമോളുടെ കയ്യിലുണ്ടായിരുന്നത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍; കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറും

ആലപ്പുഴ: കൃഷി ഓഫിസര്‍ എം. ജിഷമോളുടെ പക്കല്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടിയ കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറിയേക്കും. ഇവരില്‍ നിന്നു പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളായിരുന്നു. അതാണ് കേസ് കൂടുതല്‍ ഗൗരവ സ്വഭാവമുള്ളതാക്കുന്നത്. കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കാണ് കേസ് കൈമാറുന്നത്.

ഈ നോട്ടുകള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്. ഫൊറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. വിദഗ്ധ പരിശോധനയില്‍ മാത്രം തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലാണ് കള്ളനോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നു തെളിഞ്ഞാല്‍ അടുത്ത പടിയായി റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടും.

അതിന് ശേഷമാകും എടിഎസിനു കേസ് കൈമാറുന്ന കാര്യം തീരുമാനിക്കുക. ഇതു സംബന്ധിച്ച് എസ്പി നല്‍കുന്ന ശുപാര്‍ശ അംഗീകരിച്ചു ഡിജിപിയാണ് ഉത്തരവിറക്കേണ്ടത്. ഫൊറന്‍സിക് പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

തീവ്രവാദ വിരുദ്ധ സേനയ്ക്കു കൈമാറുമ്പോള്‍, മറ്റു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സമാന രീതിയില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുമായി ഇതിനു ബന്ധമുണ്ടോയെന്നു പരിശോധിക്കാന്‍ കഴിയും. അത്തരം വിശദമായ പരിശോധനകള്‍ക്കു ലോക്കല്‍ പൊലീസിന് പരിമിതിയുണ്ട്. അതിനാലാണ് അന്വേഷണം കൈമാറുന്നത്.

നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. കള്ളനോട്ട് കൈമാറിയതിന് അറസ്റ്റിലായ കൃഷി ഓഫിസര്‍ ജിഷമോള്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. വിഷാദരോഗത്തിനു തുടര്‍ചികിത്സ വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇങ്ങോട്ടേക്കു മാറ്റിയത്. ഇവരുടെ ആരോഗ്യനില പരിഗണിച്ചേ ചോദ്യം ചെയ്യല്‍ തുടരാനാകൂ. എവിടെ നിന്നാണു കള്ളനോട്ട് കിട്ടിയത് എന്നതിന് ഇവര്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

ജിഷമോളുടെ ഫോണും പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സിഐ എസ്.അരുണ്‍ പറഞ്ഞു. ഇവരോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്തു തുടങ്ങി. കേസ് കൂടുതല്‍ പേരിലേക്കു നീളുന്നതായാണു സൂചന. ജിഷ അറസ്റ്റിലായതോടെ ഒളിവില്‍ പോയ പുരുഷ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കളരി പരിശീലകനാണ് എന്നാണു ചോദ്യം ചെയ്യലില്‍ ജിഷ പറഞ്ഞതെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല.

കായംകുളം, ചാരുംമൂട് മേഖലകളില്‍ നിന്നു പിടിച്ചെടുത്ത കള്ളനോട്ടുകള്‍ക്കു ജിഷമോളില്‍ നിന്നു കിട്ടിയ നോട്ടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. 2,70,000 രൂപയുടെ കള്ളനോട്ടുകളാണു കഴിഞ്ഞ ഒക്ടോബറില്‍ കായംകുളത്തു നിന്നു പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.